ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നടന്
|ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ നേരിടുന്നത്
കൊച്ചി/ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഇന്നലത്തെ ചോദ്യം ചെയ്യലിൽ സംവിധായകന് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ നേരിടുന്നത്. ഇത് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. മൂന്ന് മാസത്തിനിടയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുക. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ നിഷേധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എസ് ശ്രീജിത്ത് അറിയിച്ചു.
പൂർണമായും വീഡിയോയില്‍ പകർത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന് പുറമെ മറ്റാരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യലിന് വിധേയരാക്കാനും ഇടയുണ്ട്. ഏപ്രില്‍ 15 വരെയാണ് നടിയെ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കോടതി നല്കിയ സമയം. ഇതിനുള്ളില്‍ പരമാവധി പേരെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം വധഗൂഢാലോചന കേസിലെ എഫ്.ഐ. ആര് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകനായ സിദ്ദാര്‍ത്ഥ് അഗര്‍വാളാണ്. .നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നുള്ളതാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്.