Kerala
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Kerala

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

Web Desk
|
14 Jan 2022 1:00 AM GMT

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണി കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹരജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്.


അതേസമയം ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെൻ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ദീലീപിന്‍റെ പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മൂന്ന് ഫോണുകളാണ് റെയ്ഡില്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. രണ്ട് പെന്‍ഡ്രൈവുകളും രണ്ട് ഐപാഡുകളും ഹാർഡ് ഡിസ്കും സംഘം കൊണ്ടുപോയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള വിവരങ്ങള്‍ ഈ ഉപകരണങ്ങളില്‍ നിന്ന് കണ്ടെത്താനാകുമോ എന്നാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. അതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക.

അതിന് പുറമെ ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് പുതിയ തെളിവുകള്‍ നിരത്തി എതിർക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീടുകളിലും ഗ്രാന്‍റ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിർമാണ സ്ഥാപനത്തിലും സമാന്തര പരിശോധനയാണ് ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയത്. ഏഴ് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നിരുന്നു.



Similar Posts