'സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണം' സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ശബ്ദരേഖ പുറത്ത്
|വാട്‌സ് ആപ്പ് സന്ദേശം ദിലീപ് കോടതിയിൽ ഹാജരാക്കി
വധഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായി ദിലീപ് കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്. ബാലചന്ദ്രകുമാർ അയച്ച വാട്‌സ് ആപ് സന്ദേശമാണ് ഇതാണെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. 2021 ഏപ്രിൽ 14 നാണ് സന്ദേശം അയച്ചത്. ഇന്നലെയാണ് ഈ ശബ്ദസന്ദേശം ദിലീപ് കോടതിക്ക് കൈമാറിയത്.
താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ശബ്ദരേഖയിൽ പറയുന്നത്. കൂടാതെ സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷമാണ് തനിക്കെതിരെ വധഗൂഢാലോചന കേസ് വന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. എന്നാൽ സിനിമ ചെയ്യുന്നതിനോ കടം വാങ്ങിയവരോട് സംസാരിക്കുന്നതിനോ ദിലീപ് തയ്യാറായിരുന്നില്ല. ഇതിലുള്ള വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെ ഇത്തരത്തിലൂള്ള കള്ള പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നാണ് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.
കേസ് കെട്ടി ചമച്ചതാണ് എന്ന് തെളിയിക്കുന്നതാണ് ഈ ശബ്ദരേഖ എന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇന്നലെ കോടതിയിൽ വിശദീകരണം എഴുതി നൽകിയതിനോടൊപ്പമാണ് ഈ ഓഡിയോ ക്ലിപ്പും ഹാജരാക്കിയത്. വധഗൂഢാലോചന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജ്യാമപക്ഷേയിൽ നാളെ രാവിലെ 10.15 നാണ് കോടതി വിധി പറയുന്നത്. അതിനിടയിലാണ് പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്.