Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവിനെയും ചോദ്യം ചെയ്യും
Click the Play button to hear this message in audio format
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവിനെയും ചോദ്യം ചെയ്യും

Web Desk
|
2 April 2022 1:18 AM GMT

അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ദിലീപിന്‍റെ കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും.

നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്‍റെ ഗൂഢാലോചനയില്‍ പങ്കുള്ളവരാണ് ദീലിപിന്‍റെ സഹോദരന്‍ അനൂപും, സഹോദരീ ഭർത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഇന്നല്ലെങ്കില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് എസ്.പി സോജന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.

അതേസമയം ഇന്നലെ ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കാർ ഇന്ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും. കാർ കേടായതിനെ തുടർന്ന് ഇന്നലെ കൊണ്ടുപോകാനായിരുന്നില്ല. ഇന്നെല കസ്റ്റഡി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ചുവന്ന സ്വിഫ്റ്റ് കാറാണ് അത്. ദിലീപും പൾസർ സുനിയും ഈ കാറില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് വർക്ക് ഷോപ്പിലാണെന്നായിരുന്നു ദീലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി.



Similar Posts