Kerala
പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍; കുറ്റസമ്മതം നടത്താന്‍ അന്വേഷണ  ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു
Kerala

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍; കുറ്റസമ്മതം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു

Web Desk
|
4 Feb 2022 11:11 AM GMT

മൂന്ന് ദിവസം 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് പറയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്താൻ ശ്രമിച്ച കേസിൽ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍. ദിലീപിന്‍റെ വീട്ടിലാരുമില്ലാത്തപ്പോള്‍ ഇന്നലെ നോട്ടീസ് പതിച്ചു. വീട്ടിലാരുമില്ലെന്ന് അറിയിച്ചിട്ടും പോലിസ് എത്തിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. മൂന്ന് ദിവസം 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് പറയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. കൂടാതെ കുറ്റസമ്മതം നടത്താന്‍ ദിലീപിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതിനു വേണ്ടി സമ്മർദ്ദം ചെലുത്തി. ഭീഷണിപ്പെട്ടുത്തി മൊഴിനൽകാൻ ആവശ്യപ്പെട്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടിട്ട് അവസാന ദിവസമാണ് ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുന്നത്, അപ്പോഴേക്കും അത് മുബൈയ്ക്ക് അയച്ചിരുന്നു. അത് ഗൂഢാലോചനയായാണ് ചിത്രീകരിക്കുന്നത്. ഇതാണ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറയുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ല എന്ന് തന്നെയാണ് പ്രോസിക്യൂഷൻ പറയുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണം തന്നെ തടസ്സപ്പെട്ട നിലയിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

33 മണിക്കൂർ ചോദ്യം ചെയ്തിട്ട് കിട്ടാത്ത എന്താണ് ഇനി ചോദ്യം ചെയ്‌താൽ കിട്ടുക എന്ന അഭിഭാഷകൻ ചോദിച്ചു. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്താനാണെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു.

അതേസമയം ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നിൽ ക്രൈംബ്രാഞ്ച് ഗൂഢാലോചനയാണെന്നും ഇന്നലെ പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കോടതിയിൽ വാദം കേൾക്കുന്നത്.

Similar Posts