Kerala
ദിലീപിന്റെ അഭിഭാഷകരുടെ ശബ്ദരേഖ പുറത്തുവന്ന സംഭവം; ക്രൈംബ്രാഞ്ചിനെതിരെ പരാതി
Kerala

ദിലീപിന്റെ അഭിഭാഷകരുടെ ശബ്ദരേഖ പുറത്തുവന്ന സംഭവം; ക്രൈംബ്രാഞ്ചിനെതിരെ പരാതി

Web Desk
|
27 April 2022 10:41 AM GMT

അഭിഭാഷകനായ വി സേതുനാഥാണ് പരാതി നൽകിയത്

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകരുടെ ശബ്ദരേഖ പുറത്തുവന്നതില്‍ ക്രൈംബ്രാഞ്ചിനെതിരെ വിചാരണ കോടതിയിൽ പരാതി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ വി സേതുനാഥാണ് പരാതി നല്‍കിയത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. തികച്ചും സ്വകാര്യമായ ഈ സംഭാഷണം പുറത്തുവന്നത് അന്വേഷണോദ്യഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരാതിയില്‍ പറയുന്നു. സമാന പരാതി നേരത്തെ ബാര്‍ കൗണ്‍സിലിന് മുന്നിലും ഉന്നയിക്കപ്പെട്ടിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്‍റെ സുഹൃത്തായ വൈദികന്‍റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്, എന്നാൽ പണം ചോദിക്കാനല്ലെന്നും മറ്റ് കാര്യങ്ങൾക്കായിരുന്നെന്നുമാണ് വൈദികന്‍റെ മൊഴി. ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടർ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകിയത്.

ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടർ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്‍റെ ആരോപണം.

Related Tags :
Similar Posts