വധഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ വിധി ഇന്ന്
|കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും
കൊച്ചി: വധഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തേക്കും. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ ഹരജിയിലും ഇടക്കാല ഉത്തരവുണ്ടാകും.
വധഗൂഡാലോചനക്കേസിൽ പ്രോസിക്യൂഷന് നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിന് മൂന്നു മാസത്തെ സാവകാശം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലും ഹൈക്കോടതിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും. ഈ മാസം 15 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെയും പുറത്തു വന്ന ശബ്ദരേഖകളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണവും തെളിവു ശേഖരണവും ആവശ്യമാണെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ തനിക്കെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് നൽകിയ ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.