വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു, സ്ഥാനമൊഴിയണം: ആഷിഖ് അബു
|പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് എം സി ജോസഫൈന് സ്ഥാനമൊഴിയണമെന്ന് ആഷിഖ് അബു
വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്ന് സംവിധായകന് ആഷിഖ് അബു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് എം സി ജോസഫൈന് സ്ഥാനമൊഴിയണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ എം സി ജോസഫൈന് യുവതിയോട് ക്ഷുഭിതയായി പെരുമാറിയതോടെയാണ് ഇടത് സഹയാത്രികര്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ചാനല്‍ പരിപാടിയില്‍ യുവതി സംസാരിച്ച് തുടങ്ങിയത് മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി ജോസഫൈന്റെ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. ഭർതൃപീഡനത്തിന് ഇരയായ സ്ത്രീയോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ
ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു.
പരാതിക്കാരിയോടും പൊതുസമൂഹത്തോടും
മാപ്പുപറഞ് സ്ഥാനമൊഴിയണം.
Posted by Aashiq Abu on Thursday, June 24, 2021