'കാശുള്ളവരുടെ പിന്നാലെയല്ല നിയമമെന്ന് വിളിച്ചു പറയുന്ന വിധി': സന്തോഷമെന്ന് ബാലചന്ദ്ര കുമാർ
|ഭീഷണികൾ ഇപ്പോഴും വരാറുണ്ടെന്നും ആ പേടിയൊക്കെ മാറിയെന്നും ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെ ഹരജി തള്ളിയ കോടതി വിധിയിൽ സന്തോഷമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കാശുള്ളവരുടെ പിന്നാലെയല്ല നിയമമെന്ന് വിളിച്ചു പറയുന്നതാണ് വിചാരണക്കോടതി വിധി എന്നും കാശുള്ളവനും ഇല്ലാത്തവനും നിയമത്തിന് മുന്നിൽ ഒരുപോലെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
"വിചാരണ നടപടികൾ എത്രയും പെട്ടെന്ന് തുടങ്ങി കേസിൽ വിധി വരണമെന്നാണാഗ്രഹം. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് തെളിയിക്കുന്ന വിധിയാണിത്. കാശുള്ളവർ നിയമത്തെ വളച്ചൊടിക്കുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ എന്നാണ് ഇന്നത്തെ വിധി കൊണ്ട് മനസ്സിലാക്കേണ്ടത്. വിധിയിൽ വളരെ സന്തോഷമുണ്ട്. താൻ പറഞ്ഞത് സത്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അസത്യങ്ങൾ നിലനിൽക്കും. ഭീഷണികൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോളതിലൊന്നും ഭയമില്ല". ബാലച്രന്ദകുമാർ പറഞ്ഞു.
കേസിൽ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്കും മാറ്റിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തൽ വന്നതിന് ശേഷം വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത്. 2017ലെ നടിയെ ആക്രമിച്ച കേസിനൊപ്പം ഗൂഢാലോചന കേസായാണ് ഇതും ചേർത്തിരുന്നത്.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് ഐപാഡിൽ ദിലീപ് കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണാൻ ക്ഷണിച്ചെന്നും ഇതോടൊപ്പം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ വീട്ടിൽ വച്ച് ഗൂഢാലോചന നടന്നെന്നും മൊഴിയുണ്ട്. ഐപാഡിലും ഫോണിലുമുള്ള നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മുംബൈയിലെ ലാബിൽ വച്ചും സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ചും നീക്കം ചെയ്‌തെന്നും വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസ് കെട്ടടങ്ങി എന്നു കരുതപ്പെട്ട കെട്ടത്തിലായിരുന്നു വഴിത്തിരിവായി ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ വരുന്നത്. വെളിപ്പെടുത്തലുകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും. തെളിവ് നശിപ്പിക്കൽ, വധഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളെല്ലാം ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. 112 പേരുടെ മൊഴിയും 300ലധികം അനുബന്ധ തെളിവുകളും നിരത്തിയാണ് ആയിരം പേജ് വരുന്ന അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് തയാറാക്കിയത്.