കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ മഹാരഥൻമാരായ ചലചിത്രകാരൻമാരുടെ ചിന്തകൾ ലജ്ജിപ്പിക്കുന്നത്: കമൽ
|മീഡിയവൺ അക്കാദമിയിലെ പതിമൂന്നാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമൽ
കോഴിക്കോട്: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ മഹാരഥന്മാരായ ചലചിത്രകാരന്മാരുടെ ചിന്തകൾ ഏതുരീതിയിലാണ് പോയതെന്നത് നമ്മെ ലജ്ജിപ്പിക്കുന്ന കാര്യമാണെന്ന് സംവിധായകൻ കമൽ. ഏറെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്. പ്രബുദ്ധകേരളത്തിലും ഇത്തരം ജാതീയമായ വേർതിരിവ് ഉണ്ടാകുന്നുവെന്നത് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും കമൽ കോഴിക്കോട്ട് പറഞ്ഞു. മീഡിയവൺ അക്കാദമിയിലെ പതിമൂന്നാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടത് നമ്മുടെ കടമയാണെന്നും കമൽ പറഞ്ഞു.
2021-22 ബാച്ചിന്റെ ബിരുദദാന ചടങ്ങ് നിറഞ്ഞ സദസ്സിലാണ് മീഡിയവൺ ക്യാമ്പസിൽ നടന്നത്. മികച്ച വിദ്യാർഥികൾക്കുള്ള സ്വർണമെഡലും ചടങ്ങിൽ സമ്മാനിച്ചു. വിദ്യാർഥികളുടെ ഡിപ്ലോമ ഫിലിമിൽ നിന്ന് തെരഞ്ഞെടുത്തവയുടെ പ്രദർശനവും ഇതിനോടനുബന്ധിച്ച് നടന്നു. നൂറുശതതമാനം പ്ലേസ്‌മെന്റ് ഉറപ്പാക്കാൻ ഇത്തവണ അക്കാദമിക്ക് സാധിച്ചെന്ന് മീഡിയവൺ അക്കാദമി മാനേജിങ് ഡയറക്ടർ അബ്ദുൾസലാം പറഞ്ഞു. വരും വർഷങ്ങളിലും നേട്ടം ആവർത്തിക്കാൻ ശ്രമിക്കുമെന്നും അദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ മധു ജനാർദ്ദനൻ, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ.യാസീൻ അഷ്‌റഫ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, മീഡിയവൺ കോഡിനേറ്റിങ് എഡിറ്ററും അക്കാദമിക് തലവനുമായ രാജീവ് ശങ്കരൻ തുടങ്ങിയവർ വിദ്യാർഥികൾക്ക് ആശംസ നേർന്നു. വിദ്യാർഥികളായ അഫ്രദ് വി.കെ, ബിൻസി ദേവസ്യ തുടങ്ങിയവരും സംസാരിച്ചു. മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ.സാദിഖ് നന്ദി പറഞ്ഞു.