ബാലചന്ദ്രകുമാറിന് ദിലീപിനോട് വൈരാഗ്യമുള്ളതായി അറിയില്ല: സംവിധായകന്‍ റാഫി
|ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം റാഫി തള്ളി
നടന്‍ ദിലീപും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ റാഫി. പിക്ക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്ന കാര്യം തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ ആണ്. ആ സിനിമയുടെ തിരക്കഥ റീവര്‍ക്ക് ചെയ്യാനാണ് തന്നെ ഏല്‍പ്പിച്ചതെന്നും റാഫി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റാഫിയെ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
"ബാലചന്ദ്രകുമാറിന് ദിലീപിനോട് വൈരാഗ്യമുണ്ടെന്ന് എന്നോട് പറഞ്ഞിട്ടില്ല. 2018ലാണ് പിക്ക് പോക്കറ്റ് എന്ന സിനിമയുടെ തിരക്കഥയ്ക്കായി എന്നെ സമീപിച്ചത്. കാര്‍ണിവല്‍ എന്ന കമ്പനിയാണ് പിക്ക് പോക്കറ്റ് നിര്‍മിക്കാനിരുന്നത്. അവര്‍ തന്നെ നിര്‍മിക്കുന്ന സിനിമയാണ് പറക്കും പപ്പന്‍. അതിന്‍റെ തിരക്കഥ ആദ്യം എഴുതാന്‍ പറഞ്ഞു. അതിന്‍റെ പ്രീപ്രൊഡക്ഷന് ഒരു കൊല്ലം വേണം. ആനിമേഷനും മറ്റുമുണ്ട്. അപ്പോഴാണ് പിക്ക് പോക്കറ്റ് മാറ്റിവെച്ചിട്ട് പറക്കും പപ്പന്‍ എഴുതിയത്"- റാഫി പറഞ്ഞു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്‍റെ സത്യവാങ്മൂലത്തിലെ ഈ പരാമർശം റാഫി തള്ളി. അങ്ങനെ ബുദ്ധിമുട്ട് പറഞ്ഞിരുന്നില്ലെന്നും നല്ല രസമുള്ള കഥയായിരുന്നുവെന്നും റാഫി പറഞ്ഞു. സിനിമ നടക്കാതെ പോയത് എന്തുകൊണ്ടെന്ന് അറിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് സിനിമയില്‍ നിന്ന് പിന്മാറുന്ന കാര്യം ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചുപറഞ്ഞതെന്ന് റാഫി വ്യക്തമാക്കി.
ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ്. അതുകൊണ്ടാണ് ബാലചന്ദ്രകുമാറിന് വൈരാഗ്യമെന്നും ദിലീപ് ആരോപിച്ചു.