Kerala
ദിലീപിന്റെ ചോദ്യംചെയ്യൽ തുടരുന്നു; സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി
Kerala

ദിലീപിന്റെ ചോദ്യംചെയ്യൽ തുടരുന്നു; സംവിധായകന്‍ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി

Web Desk
|
24 Jan 2022 10:08 AM GMT

ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും വിളിപ്പിച്ചു

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിന്‍റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. സംവിധായകന്‍ റാഫിയെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും വിളിപ്പിച്ചു.

ദിലീപിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചത് റാഫിയെയാണെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. എന്നാല്‍ ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ റാഫിയുടെ പേരില്ല. താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് ദിലീപിന്‍റെ മൊഴി. ആറ് വര്‍ഷമായിട്ടും സിനിമയുടെ കഥയോ തിരക്കഥയോ പൂര്‍ത്തിവാത്തതുകൊണ്ടാണ് പിന്മാറിയതെന്നും ദിലീപ് മൊഴിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ പറയുന്നത് താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ്. ദിലീപിന്‍റെയും ബാലചന്ദ്രകുമാറിന്‍റെയും മൊഴികളിലെ വൈരുധ്യങ്ങളെ കുറിച്ച് ചോദിക്കാനാണ് റാഫിയെ വിളിപ്പിച്ചത്.

ചോദ്യംചെയ്യല്‍ രണ്ടാം ദിവസത്തില്‍

രാവിലെ ഒമ്പതു മണിക്ക് ദിലീപുൾപ്പെടെ എല്ലാ പ്രതികളും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ഇന്നലെ പ്രതികൾ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ദിലീപ്, അനൂപ്, സുരാജ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് രണ്ടാം ദിനത്തിലെ ചോദ്യംചെയ്യൽ. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്നലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവ പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ തടസപ്പെടുത്താൻ പ്രതികൾ ശ്രമിച്ചോ എന്നറിയാനാണ് ഇത്.

ചോദ്യംചെയ്യലിന് എത്തിയപ്പോൾ പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നാളെ കൂടിയേ പ്രതികളെ ചോദ്യംചെയ്യാൻ അനുമതിയുള്ളൂ. അതിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. വ്യാഴാഴ്ച ആണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.


Similar Posts