Kerala
KPCC
Kerala

ചേലക്കരയിലെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസിൽ ഭിന്നത; രമ്യാ ഹരിദാസിനായി ഒരു വിഭാഗം, തൃശൂരിലെ നേതാക്കൾക്കായി മറുവിഭാഗം

Web Desk
|
8 Oct 2024 1:43 AM GMT

സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽപ്പെട്ട നേതാക്കൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞാണ് സ്ഥാനാർഥികൾക്കായി വാദിക്കുന്നത്.

തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജില്ലയിൽ നിന്നുതന്നെയുള്ള പരിചയസമ്പത്തുള്ള നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെയും ജില്ലാ നേതൃത്വത്തിലെയും മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇരുവിഭാഗങ്ങളും ആവശ്യങ്ങൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

ഇതുവരെ തങ്ങളുടെ കൈകളിൽ ഒതുങ്ങാതിരുന്ന ചേലക്കര, ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമം അനൗദ്യോഗിക സ്ഥാനാർഥി നിർണയ ചർച്ചകളിൽക്കൂടി കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു, ഒപ്പം ചേരിപ്പോരും. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽപ്പെട്ട നേതാക്കൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞാണ് സ്ഥാനാർഥികൾക്കായി വാദിക്കുന്നത്.

മുൻ എം.പി രമ്യ ഹരിദാസിനു വേണ്ടി വാദിക്കുന്നത് പ്രമുഖ നേതാക്കളിൽ ചിലർ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ചേലക്കര നിയമസഭാ മണ്ഡലത്തിൽ കെ. രാധാകൃഷ്ണന് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. രാധാകൃഷ്ണൻ വോട്ട് ചെയ്ത ചേലക്കരയിലെ ബൂത്തിലും പഞ്ചായത്തിലും കൂടുതൽ വോട്ട് നേടിയത് രമ്യയാണ്. നേരത്തെ ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് വിജയിച്ചു കയറിയതും രമ്യയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ തോറ്റ സ്ഥാനാർഥിയെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. തൃശ്ശൂർ ജില്ലയിൽ നിന്ന് തന്നെയുള്ള പരിചയസമ്പന്നരായ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. തൃശൂരിൽ നിന്ന് തന്നെയുള്ള നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ, മുൻ കെപിസിസി സെക്രട്ടറി എൻ.കെ സുധീർ എന്നിവരുടെ പേരുകളാണ് ഇവർ മുന്നോട്ടുവെയ്ക്കുന്നത്.

ഇതിനിടെ ചേലക്കരയിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയും വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയുമായ കെ.എ തുളസി, കെപിസിസി വൈസ് പ്രസിഡന്റ്‌ വി.പി സജീന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചയിൽ നിൽക്കുന്നുണ്ട്. ഇതിനോടകം മുപ്പതിലധികം പേരാണ് നേരിട്ടും അല്ലാതെയും സ്ഥാനാർഥിത്വത്തിനായി കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. അതേസമയം സ്ഥാനാർഥി ആരായാലും നാലുമാസത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ പലകുറി മണ്ഡലത്തിൽ മുന്നൊരുക്ക ചർച്ചകൾ നടന്നുകഴിഞ്ഞു.

Watch Video Report


Related Tags :
Similar Posts