'അവസരവാദികളായ കോൺഗ്രസുമായി യോജിപ്പില്ല'; എം.വി.ഗോവിന്ദൻ
|ഫലസ്തീന് പിന്തുണ കൊടുത്താൽ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമോ, സീറ്റ് കുറയുമോ എന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
എല്ലാ കാലത്തും ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിനൊപ്പമായിരുന്ന ഇന്ത്യയുടെ ഇന്നത്തെ മാറ്റം അധഃപതനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അവസരവാദികളായ കോൺഗ്രസുമായി യോജിപ്പില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
'ഏതെങ്കിലും പാർട്ടിയേയോ ഏതെങ്കിലും വിഭാഗത്തെയോ ഫലസ്തീൻ ഐക്യദാർഢ്യത്തിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ല. യോജിക്കാൻ കഴിയുന്ന എല്ലാവരും കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിക്കുകയാണ് വേണ്ടത്. കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീറാണ് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ ലീഗിനെ ക്ഷണിച്ചത്. അതോടെ ചിലർക്ക് ഉത്കണ്ഠയായി. അവസരവാദികളായ കോൺഗ്രസുമായി യോജിപ്പില്ല'- എം.വി. ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽ കോഡ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല, ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു.
'ആര്യാടൻ ഷൗക്കത്തിനോട് ഫലസ്തീൻ ഐക്യദാർഡ്യത്തിൽ നിന്ന് മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഫലസ്തീൻ ഐക്യദാർഢ്യത്തിൽ ലീഗിനോടും ആര്യാടൻ ഷൗക്കത്തിനോടും സഹകരിക്കാം എന്നാണ് സി.പി.എം നിലപാട്. ഫലസ്തീന് പിന്തുണ കൊടുത്താൽ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമോ സീറ്റ് കുറയുമോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല'- എം.വി. ഗോവിന്ദൻ.