സാമ്പത്തിക ക്രമക്കേട്; സി.പി.ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജുവിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
|ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ടി നിക്‌സനെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
കൊച്ചി: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റിയിൽ കടുത്ത നടപടി. മുൻ ജില്ലാ സെക്രട്ടറിയായ പി. രാജുവിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. മുഴുവൻ പാർട്ടി പദവികളിൽനിന്നും രാജുവിനെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ടി നിക്‌സനെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
കാനം രാജേന്ദ്രൻ-കെ.ഇ ഇസ്മാഈൽ പക്ഷങ്ങൾ തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ജില്ലയാണ് എറണാകുളം. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിയുടെ പൂർണനിയന്ത്രണം കാനം പക്ഷം പിടിച്ചെടുത്തിരുന്നു. 35 ലക്ഷം രൂപയുടെ പാർട്ടി ഫണ്ട് തട്ടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇസ്മായീൽ പക്ഷത്തെ രണ്ട് നേതാക്കൾക്കെതിരെ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ പങ്കെടുത്ത ജില്ലാ എക്‌സിക്യൂട്ടീവിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്.