പി.കെ നവാസിനെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന; എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി
|എം.എസ്.എഫ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന നടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ നടപടി. എം.എസ്.എഫ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ആരോപണവിധേയരായ മറ്റു സംസ്ഥാന ജില്ലാ ഭാരവാഹികൾക്കെതിരെ നടപടിവേണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഹരിത വിവാദസമയത്ത് പി.കെ നവാസിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എം.എസ്.എഫ് സ്‌ക്വയർ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എം.എസ്.എഫിൽ നിന്ന് നടപടി നേരിട്ടവരും ഇപ്പോഴും ഭാരവാഹിത്വം വഹിക്കുന്നവരുമടക്കം ചേന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം.
നവാസിനെ കുടാതെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെയും ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെയും പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റുകളും ഈ ഗ്രൂപ്പിൽ ആസൂത്രിതമായി നിർമിച്ചതാണെന്നും ആരോപണമുണ്ട്.