കോഴ വിവാദത്തിലെ അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗം; വിശദീകരണവുമായി സി.പി.എം
|പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ്
കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിലെ അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്ന വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ്. പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടിയിൽ കുഴപ്പമാണെന്ന് വരുത്താനുമാണ് മാധ്യമങ്ങളും പാർട്ടി ശത്രുക്കളും നടത്തുന്നതെന്നും സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പാർട്ടി നടപടികൾക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്നത് നേരത്തേയുള്ള രീതിയാണെന്നും മാധ്യമങ്ങളും പാർട്ടി വിരുദ്ധരും ഉന്നയിച്ച ആരോപണങ്ങൾ ഭാവനാ സൃഷ്ടിയെന്ന് തെളിഞ്ഞിട്ടും ഉരുണ്ടുകളിക്കുകയാണെന്നും സെക്രട്ടേറിയേറ്റ് ആരോപിച്ചു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ എളമരം കരീം, മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ മാധ്യമങ്ങളും പാർട്ടി വിരുദ്ധരും നടത്തുന്ന അക്രമണങ്ങളെ ജനങ്ങളെ മുൻനിർത്തി ചെറുത്ത് തോൽപ്പിക്കുമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രമോദ് കോട്ടൂളി നടത്തിയ പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണമായി പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രമോദ് കോട്ടൂളിയെ പ്രഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പടെ പാർട്ടി പുറത്താക്കിയിരുന്നു.