'മുഖ്യമന്ത്രിക്കെതിരായ ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ?'; സർക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷം
|മുഖ്യമന്ത്രിക്ക് എതിരെ വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് കാട്ടുനീതിയാണെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി ദേശാഭിമാനി പത്രാധിപ സമിതിയിലെ അംഗം ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം. പിണറായി വിജയൻ തമിഴ്‌നാട്ടിലും കേരളത്തിലും ഭൂമി സ്വന്തമാക്കി എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ തയ്യാറാണോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു. അല്ലെങ്കിൽ മുഖ്യമന്ത്രി മാനനഷ്ട കേസ് നൽകണം.
മുഖ്യമന്ത്രിക്ക് എതിരെ വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് കാട്ടുനീതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് എതിരെയുള്ളത് കള്ളകേസാണ്. മുൻ ഡ്രൈവർ സി.പി.എമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.
ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം നടത്താനും അന്വേഷണം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി പദവിയിൽ നിന്നും മാറി നിൽക്കാനും മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും സതീശൻ ചോദിച്ചു. മുൻനിര റിയൽ എസ്റ്റേറ്റ് മുതലാളിമാരുമായി ചേർന്ന് ഭൂമി വാങ്ങി എന്ന ബാംഗ്ലൂരിലെ മുതിർന്ന മാധ്യമ പ്രവർത്തക നടത്തിയ വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന് എതിരെ ആണെങ്കിൽ എപ്പോഴോ കേസ് എടുക്കുമായിരുന്നു. ഏത് മന്ത്രിയുടെ കാറിൽ ആണ് പണം കൊണ്ട് പോയത് എന്ന് ശക്തിധരൻ തന്നെ വെളിപ്പെടുത്തട്ടെയെന്നും സതീശൻ പറഞ്ഞു.
വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സി.പി.എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ ആരോപണം. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവെന്നാണ് പേരുവെളിപ്പെടുത്താതെ ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്