Kerala
Discrimination on the basis of profession and tradition is un-Islamic: Dr. Hussain Madavoor
Kerala

തൊഴിലിന്റെയും പാരമ്പര്യത്തിന്റെയും പേരിലുള്ള വിവേചനം ഇസ്‌ലാമിക വിരുദ്ധം: ഡോ. ഹുസൈൻ മടവൂർ

Web Desk
|
8 July 2023 10:51 AM GMT

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്, മനുഷ്യരെല്ലാം ഒരുപോലെ പരിഗണന അർഹിക്കുന്നവരാണെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

കോഴിക്കോട്: തൊഴിലിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വിവേചനം കാണിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഡോ. ഹുസൈൻ മടവൂർ. മത്സ്യത്തൊഴിലാളികളോടും ബാർബർമാരോടും ചില വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ചൂണ്ടിക്കാട്ടി അവരുടെ സംഘടനകൾ തനിക്ക് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാളയം മൊയ്തീൻ പള്ളിയിലെ ജുമുഅ ഖുതുബയിലാണ് ഹുസൈൻ മടവൂർ ഈ വിഷയം ചൂണ്ടിക്കാട്ടിയത്.

അടുത്തിടെ കേരളത്തിലെ ഒരു മഹല്ല് കമ്മിറ്റി മഹല്ല് പരിധിയിൽ താമസിക്കുന്ന വ്യക്തിയോട് പ്രത്യേക തൊഴിൽ ചെയ്യുന്ന ആളായതിനാൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹുസൈൻ മടവൂർ ഇതിനെതിരെ രംഗത്തെത്തിയത്.

നാട്ടിൽ വിവേചനം നേരിടുന്നതിനാൽ അടുത്ത ജില്ലയിൽ പോയി താമസിക്കേണ്ടിവന്ന ആളെ തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. വെളുത്തവന് കറുത്തവനെക്കാളോ, അറബിക്ക് അനറബിയെക്കാളോ ഒരു പ്രാധാന്യവുമില്ലെന്ന പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗം ചർച്ച ചെയ്യുന്ന ഹജ്ജും പെരുന്നാളുമാണ് കടന്നുപോയത്. വിശ്വമാനവികതയുടെ ഉന്നതമായ സംസ്‌കാരമാണ് ഇസ്‌ലാം എന്നാണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഇത്തരം വിവേചനങ്ങൾ ഉണ്ടാവുന്നത് പ്രതിഷേധാർഹമാണ്.

ഇസ്‌ലാമിക ശരീഅത്തിന് നിരക്കാത്ത രീതിയിൽ കത്ത് നൽകിയ മഹല്ല് കമ്മിറ്റി അത് പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കണം. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. എല്ലാ മനുഷ്യരും പരിഗണന അർഹിക്കുന്നവരാണ്. വിശ്വാസവും ഭക്തിയുമുള്ള എല്ലാവരും കൂടുതൽ പരിഗണിക്കപ്പെട്ടേണ്ടവരാണ്. വിവേചനപരമായ പെരുമാറ്റങ്ങളും നിയമങ്ങളും മാറ്റാൻ വേണ്ടി എല്ലാവരും പരിശ്രമിക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

Similar Posts