Kerala
ഖുർആന്റെ തൂക്കം പറഞ്ഞുള്ള ചർച്ചകൾ എവിടെ എത്തി?; എല്ലാം ജലരേഖയായില്ലേ എന്ന് കെ.ടി ജലീൽ
Kerala

'ഖുർആന്റെ തൂക്കം പറഞ്ഞുള്ള ചർച്ചകൾ എവിടെ എത്തി?'; എല്ലാം ജലരേഖയായില്ലേ എന്ന് കെ.ടി ജലീൽ

Web Desk
|
28 Jun 2022 9:56 AM GMT

'എനിക്കും ഷാജിയെ പോലെ വീടുണ്ട്. 19 സെന്റ് സ്ഥലമുണ്ട്. എന്നിട്ടും എന്ത് കൊണ്ട് ഇ.ഡി കണ്ടുകെട്ടിയില്ല?'

തിരുവനന്തപുരം: ഖുർആന്റെ തൂക്കം പറഞ്ഞുള്ള ചർച്ചകൾ എവിടെ എത്തിയെന്ന് കെ .ടി ജലീൽ എംഎൽഎ. ഈത്തപ്പഴത്തിൽ സ്വർണം കടത്തിയെന്ന് പറഞ്ഞു. ഖുർആനിൽ സ്വർണം കടത്തി എന്ന് പറഞ്ഞു. കേന്ദ്ര ഏജൻസികൾ കഴുകൻമാരെ പോലെ പാറി നടന്നു. ചക്ക ചൂഴ്ന്ന് നോക്കും പോലെയാണ് പരിശോധിച്ചത്. എന്നിട്ടും ഒന്നും കണ്ടെത്തിയില്ലല്ലോ എന്ന് എംഎൽഎ ചോദിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജ സുൽത്താന് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഇ.ഡി എന്റെ വാട്‌സാപ് അക്കൗണ്ട് മുഴുവൻ പരിശോധിച്ചു. അപ്പോഴെല്ലാം ഇന്നോ നാളെയോ കുരുക്ക് മുറുകുമെന്ന് മാധ്യമങ്ങൾ പറഞ്ഞു. എന്നിട്ടും എല്ലാം ജലരേഖയായി മാറിയില്ലേ....

'എനിക്കും ഷാജിയെ പോലെ വീടുണ്ട്. 19 സെന്റ് സ്ഥലമുണ്ട്. എന്നിട്ടും എന്റെ സ്വത്ത് എന്ത് കൊണ്ട് ഇ.ഡി കണ്ടുകെട്ടിയില്ല. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ... തപ്പാൻ ഒരു സ്ഥലവും ബാക്കിയില്ല. എന്നിട്ടും എന്ത് കിട്ടി'... ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ഉപയോഗിച്ച പദ പ്രയോഗത്തെയും അദ്ദേഹം നിഷിധമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഒരിക്കലും മുഖ്യമന്ത്രിയെ കൂപമണ്ഡൂകമെന്ന് വിളിക്കാൻ പാടില്ലായിരുന്നു. ഇത്തരം നിരുത്തരവാദിത്വപരമായ പ്രസ്താവന പിൻവലിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.



Similar Posts