ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള ചർച്ചകൾ സജീവം
|കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കളമശ്ശേരി കോർപ്പറേഷൻ
കൊച്ചി: ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള ചർച്ചകൾ സജീവമാകുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കളമശ്ശേരി കോർപ്പറേഷൻ.ഹൈക്കോടതി ആസ്ഥാനംകൂടി കളമശ്ശേരിയിലേക്ക് എത്തിയാൽ കൊച്ചിക്കു തുല്യമായ നഗരപ്രദേശമായി ഇവിടം മാറും.
സ്ഥലപരിമിതിയും പാർക്കിങിന് ഉൾപ്പെടെയുള്ള അസൗകര്യവുമെല്ലാം കണക്കിലെടുത്ത് ഹൈക്കോടതി മാറ്റിപണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ സ്ഥലം പുതിയ മന്ദിരത്തിനായി സർക്കാർ കണ്ടെത്തിയത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു.ഹൈക്കോടതി ഭരണസമിതി കൂടി അനുമതി നൽകിയാൽ എറണാകുളത്തെ ഹൈക്കോടതി മന്ദിരം പോലെ ഒട്ടേറെ നിലകളുള്ള മന്ദിരമായിരിക്കില്ല പണിയുക. പകരം മൂന്ന് നിലകളുള്ള കെട്ടിടം കളമശ്ശേരിയിൽ ഉയരും. ആയിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും കോടതിക്കടുത്തായി ജഡ്ജിമാർക്ക് താമസ സൗകര്യവും ഒരുങ്ങും. ഹൈക്കോടതി കൂടി കളമശ്ശേരിയിലേക്ക് എത്തിയാൽ കൊച്ചിക്കു തുല്യമായ നഗരപ്രദേശമായി ഇവിടം മാറുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ഇതിനായി ഗതാഗത,വികസന മേഖലകളിൽ ഒട്ടേറെ മുഖം മിനുക്കൽ ആവശ്യമായി വരും. 66 ശതമാനം ഗ്രീൻ സോണ്‍കൂടിയായ കളമശ്ശേരി നഗരസഭയിൽ കൂടുതൽ നിർമാണങ്ങൾക്ക് കൂടി സർക്കാർ അനുമതി നൽകണമെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ ആവശ്യം. സർക്കാരും ഹൈക്കോടതി ഭരണസിമിതയും പച്ചക്കൊടി കാണിച്ചാൽ നഗരസഭയുടെ ഗ്രേഡിങ് ഉയരും.