പശുക്കളിൽ ചർമ്മമുഴ രോഗം; പത്തനംതിട്ടയിലെ ക്ഷീരകർഷകര്‍ ആശങ്കയില്‍
|892 പശുക്കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ക്ഷീരകർഷകർക്ക് തിരിച്ചടിയായി പശുക്കളിൽ ചർമ്മമുഴ രോഗം വ്യാപിക്കുന്നു. മൂന്ന് മാസത്തിനടിയിൽ 41 പഞ്ചായത്തുകളിലായി 892 പശുക്കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത വേനല്‍ക്കാലത്ത് രോഗം വ്യാപകമായതോടെ പാൽ ഉത്പാദനത്തിൽ വലിയ കുറവുണ്ടായതും കർഷകർക്ക് പ്രതിസന്ധിയാവുകയാണ്.
കടുത്ത വേനലിലും ചൂടിലും പ്രതിരോധ ശേഷി നഷ്ടമാകുന്ന പശുക്കളില്‍ ചർമ്മമുഴ രോഗം കൂടി വ്യാപകമായതാണ് കർഷകർക്ക് തിരിച്ചടിയായത്. ശരീരത്തില്‍ മുഴകളുണ്ടാകുന്നതും വ്രണമായി മാറി പൊട്ടിയൊലിക്കുന്നതുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതുമൂലം ആരോഗ്യാവസ്ഥ മോശമാകുന്ന പശുക്കളിലെ പാല് ഉത്പാദനത്തിലും വലിയ കുറവാണുണ്ടാകുന്നത്.
വൈറസ് ബാധയെ തുടർന്നാണ് രോഗമുണ്ടാകുന്നതെങ്കിലും വേനല്‍ക്കാലത്ത് അതിവേഗം ചർമ്മമുഴ രോഗം പടർന്ന് പിടിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. ഡിസംബർ മാസം മുതല്‍ മാർച്ച് മാസം വരെ ജില്ലയിലെ 41 പഞ്ചായത്തുകളിലായി 892 പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ അശുഖം ബാധിച്ച പശുക്കളില്‍ മാസങ്ങളോളം ഇത് മാറാതെ നില്ക്കുന്നതും പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്.
ചർമ്മമുഴ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 55 ,000 ഡോസ് പ്രതിരോധ വാക്സിനുകളാണ് ഈ വർഷം ജില്ലയിലെ പശുക്കളില്‍ കുത്തിവെച്ചത്. എന്നാല്‍ പ്രതിരോധ വാക്സിനുകളുടെ വിതരണം ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കിയിട്ടും രോഗത്തെ പൂർണമായി തുടച്ച് നീക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു.