കെ.വി തോമസിന്‍റെ പുറത്താക്കല്‍ നാടകീയമായി; പ്രഖ്യാപനം ചിന്തൻ ശിബിർ വേദിക്ക് മുന്നിൽ
|തൃക്കാക്കര എൽ ഡി എഫ് കൺവെൻഷനിൽ കെ.വി തോമസ് പങ്കെടുത്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു തീരുമാനം
ഡൽഹി: മുൻ മന്ത്രി കെ.വി.തോമസിനെ പുറത്താക്കുകയാണെന്ന് പ്രഖ്യാപിക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ തെരെഞ്ഞെടുത്തത് ചിന്തൻ ശിബിർ വേദി. തൃക്കാക്കര എൽ ഡി എഫ് കൺവെൻഷനിൽ കെ.വി തോമസ് പങ്കെടുത്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു തീരുമാനം.
ഉദയ്പൂരിലെ ചിന്തൻ ശിബിർ വേദിക്ക് മുന്നിൽ നാടകീയമായിട്ടാണ് പുറത്താക്കൽ പ്രഖ്യാപനം കെ.സുധാകരൻ നടത്തിയത്. കെ വി തോമസ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്താൽ നടപടി എടുത്തിട്ട് ദേശീയ നേതൃത്വത്തെ അറിയിച്ചാൽ മതിയെന്ന എ.ഐ.സി.സി സംഘടന സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉറപ്പിലായിരുന്നു നടപടി. മുംബൈ വഴി ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിയ നേതാക്കൾ രണ്ട് വാഹനങ്ങളിലായിട്ടാണ് താമസസ്ഥലത്തേക്ക് എത്തിയത്. ആദ്യം എത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. പിന്നാലെ വരുന്നവർ പറയുമെന്ന് പറഞ്ഞു അദ്ദേഹം യാത്ര പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോടൊപ്പമാണ് കെ.സുധാകരൻ എത്തിയത്. പ്രതികരിക്കാൻ ആദ്യം ഒരു വൈമനസ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് കാറിൽ നിന്നിറങ്ങി ഒറ്റയ്ക്ക് മാധ്യമങ്ങളുടെ മുന്നിലേക്കെത്തുകയായിരുന്നു.
ചിന്തൻ ശിബിരിനെപ്പറ്റിയും കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരുന്നതിനെപ്പറ്റിയുമൊക്കെ വാചാലനായി. ഒടുവിൽ കെ.വി.തോമസ് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പുറത്താക്കൽ പ്രഖ്യാപനം നടത്തിയത്.
പദവികളിൽ നിന്നും മാറ്റി നിർത്തുന്ന അച്ചടക്ക നടപടി ഒരു തവണ എടുത്തത് കൊണ്ടും, തൃക്കാക്കര തെരെഞ്ഞെടുപ്പ് ആയതിനാലും കടുത്ത നടപടി ഉണ്ടാകില്ലെന്നു കരുതിയവരുടെ പ്രതീക്ഷ തെറ്റിച്ചുമായിരുന്നു കോൺഗ്രസ് നടപടി.