Kerala
ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം; അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വഹാബ് പക്ഷം
Kerala

ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം; അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വഹാബ് പക്ഷം

Web Desk
|
7 Sep 2021 4:25 AM GMT

ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് മഞ്ചേരിയില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തിയെന്നാണ് പരാതി

ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് അംഗത്വ വിതരണം നടത്തിയെന്ന് സംസ്ഥാനപ്രസിഡന്‍റ് അബ്ദുല്‍വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന സമവായ ചര്‍ച്ചയിലെ തീരുമാനം ലംഘിച്ചെന്നാണ് പരാതി. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരമാണ് അംഗത്വം നല്‍കിയതെന്ന് മന്ത്രി മീഡിയവണിനോട് പ്രതികരിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും രണ്ട് പക്ഷത്ത് നില്‍ക്കുന്ന സമയത്താണ് ഐ.എന്‍.എല്ലിനകത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങിയത്. കാസിം ഇരീക്കൂര്‍ പക്ഷം ഏകപക്ഷീയമായി അംഗത്വം വിതരണം ചെയ്യുന്നുവെന്ന വഹാബിന്‍റെ പരാതി മധ്യസ്ഥ ചര്‍ച്ചയില്‍ ഉയര്‍ന്നപ്പോള്‍ അത് രണ്ട് മാസത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ 10 അംഗ സമിതിയെ തീരുമാനിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ മഞ്ചേരിയില്‍ വെച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അംഗത്വ വിതരണം നടത്തിയത്. അത് ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വഹാബ് പക്ഷം മധ്യസ്ഥരെ സമീപിച്ചു.

പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരമാണ് അംഗത്വം നല്‍കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. പെട്ടെന്ന് അംഗത്വം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലേക്ക് വരാനുള്ള കുറേയാളുകളുടെ തീരുമാനത്തില്‍ മാറ്റം വരാനുള്ള സാധ്യത മുന്നില്‍ കണ്ടുവെന്നും വ്യക്തമാക്കുന്നു. മന്ത്രി പറയുന്നത് പോലെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത് തങ്ങളെകൂടി അറിയിക്കാമായിരുന്നുവെന്നാണ് വഹാബ് പക്ഷത്തിന്‍റെ മറുപടി.പറഞ്ഞിരുന്നെങ്കില്‍ വഹാബ് അടക്കമുള്ളവര്‍ പങ്കെടുക്കുമായിരുന്നുവെന്നും പറയുന്നു.



Similar Posts