'ജയന് പറയാനുള്ളത് കേട്ടില്ല'; പത്തനംതിട്ട സിപിഐയിൽ തർക്കം
|അനധികൃതമായി സ്വത്ത് സമ്പാദിച്ച് പത്തനംതിട്ടയിൽ ഫാം തുടങ്ങി എന്നതായിരുന്നു ജയനെതിരായ ആരോപണം
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരായ നടപടിയിൽ പാർട്ടിയിൽ തർക്കം. നടപടിയിൽ അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ജയന് പറയാനുള്ളത് കേട്ടില്ലെന്നാണ് അംഗങ്ങളുടെ വാദം. നടപടി പിൻവലിക്കണമെന്ന് ജയൻ സംസ്ഥാന കൗൺസിലിൽ അഭ്യർഥിച്ചെങ്കിലും ജയന്റെ വാദങ്ങൾ നേതൃത്വം തള്ളി
അനധികൃതമായി സ്വത്ത് സമ്പാദിച്ച് പത്തനംതിട്ടയിൽ ഫാം തുടങ്ങി എന്നതായിരുന്നു ജയനെതിരായ ആരോപണം. ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു.
എന്നാൽ തന്റെ ഭാഗം കേൾക്കാൻ സംസ്ഥാന കൗൺസിൽ തയ്യാറായില്ലെന്നാരോപിച്ച് ജയനും ഒരു വിഭാഗം ആളുകളും രംഗത്തെത്തിയതോടെ സംസ്ഥാന കൗൺസിലിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തി. തനിക്കെതിരായ നടപടി പിൻവലിക്കണമെന്ന് ജയൻ കൗൺസിലിൽ അഭ്യർഥിക്കുകയും ബാങ്ക് രേഖകളടക്കം സമർപ്പിക്കുകയും ചെയ്‌തെങ്കിലും സംസ്ഥാന കൗൺസിൽ വാദം പൂർണമായും തള്ളുകയായിരുന്നു. ജയനെതിരായ അച്ചടക്ക നടപടി കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. പരാതി പുനഃപരിശോധിക്കണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നെങ്കിലും ഇതും പരിഗണിക്കപ്പെട്ടില്ല.