വാട്സാപ്പ് ഗ്രൂപ്പിലെ തർക്കം; യുവാവിനെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തി
|ഫോണിലൂടെ വെല്ലുവിളിച്ച അനിൽ കുമാറിനെ തിരഞ്ഞ് രണജിത്ത് എത്തുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
പത്തനംതിട്ട: വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. പത്തനംതിട്ട അടൂർ മാരൂർ സ്വദേശി രണജിത്താണ് മരിച്ചത്. അറസ്റ്റിലായ അനിൽ കുമാറിനെ റിമാന്റ് ചെയ്തു. മാർച്ച് 27 ന് വാട്സാപ്പ് സൗഹൃദക്കൂട്ടായ്മയിലുണ്ടായ തർക്കത്തെ തുടർന്നാണ് മാരൂർ സ്വദേശികളായ രണജിത്തും അനിലും തമ്മിൽ ഏറ്റുമുട്ടിയത്. ഫോണിലൂടെ വെല്ലുവിളിച്ച അനിൽ കുമാറിനെ തിരഞ്ഞ് രണജിത്ത് എത്തുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
താഴെ വീണ രണജിത്തിന്റെ തല കല്ലിലിടിച്ചു. അനിൽകുമാറും മറ്റുള്ളവരുംചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രണജിത്തിനെ പ്രാഥമിക ചികിത്സക്ക് ശേഷം അന്നുതന്നെ വിട്ടയച്ചു. വീട്ടിലെത്തിയതോടെ നിലവഷളായ രണജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
അനിൽ കുമാർ കരുതിക്കൂട്ടി ഭർത്താവിനെ ആക്രമിച്ചതാണന്നാണ് രണജിത്തിന്റെ ഭാര്യ സജിത പറയുന്നത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് പിറ്റേന്നു തന്നെ അനിൽകുമാറിനെ അറസ്റ്റ് ചെയ്തു.
വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രണജിത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു.
Summary: Dispute in WhatsApp group; The young man was beaten to death by a friend