കാറിന്റെ ഉടമസ്ഥതയെ ചൊല്ലി തർക്കം; യുവതികളെയും സുഹൃത്തുക്കളെയും കാർ ഷോറൂം ജീവനക്കാർ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു
|എറണാകുളം എളംകുളം ഇന്‍ഡസ് ട്രൂ വാല്യു കാർ ഷോറൂം ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം
കൊച്ചി: കാറിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. എറണാകുളം എളംകുളം ഇന്‍ഡസ് ട്രൂ വാല്യു കാർ ഷോറൂം ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സെക്കന്റ് ഹാൻഡ് കാർ വാങ്ങിയതിലെ തർക്കമാണ് മർദനത്തിന് കാരണം. വിദ്യാർഥികളായ സോഫിയ, ശ്രുതി, നിധിൻ, ഷംസീർ എന്നിവർക്കാണ് മർദനമേറ്റത്.
സോഫിയ എന്ന വിദ്യാർഥിയുടെ കുടുംബം ജൂൺ മാസത്തിൽ ട്രൂവാല്യൂ ഷോറുമിൽ നിന്ന് ഒരു സെക്കൻ ഹാൻഡ് കാർ വാങ്ങിയിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും കാറിന്‍റെ ഓണർഷിപ്പ് സോഫിയയുടെ കുടുംബത്തിന്‍റെ പേരിലേക്ക് മാറ്റി നൽകാൻ ഷോറൂം തയാറായിരുന്നില്ല. ഇതിനെ തുടർന്ന് വാഹനം തിരിച്ചെടുത്ത് പണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷോറൂം ജിവനക്കാർ ഇതിന് തയാറായില്ല. പകരം സോഫിയയുടെ പേരിലേക്ക് ഓണർഷിപ്പ് മാറ്റി നൽകാമെന്ന് ഉറപ്പ് നൽകി. ശേഷം വിദ്യാർഥിയുടെ കോളജിലെത്തി ഷോറൂം ജീവനക്കാർ വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിരുന്നു.
കുടുംബത്തിന്‍റെ അനുവാദത്തോടെയാണ് ഒപ്പിട്ട് വാങ്ങുന്നതെന്നായിരുന്നു ഷോറൂം ജിവനക്കാർ സോഫിയയോട് പറഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ അന്വേഷിച്ചപ്പോള്‍ അത്തരമൊരു കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതിനെ തുടർന്ന് സോഫിയയും സുഹൃത്തുക്കളും ഷോറൂമിലെത്തി ഒപ്പിട്ട പേപ്പറുകള്‍ തിരിച്ച് ചോദിച്ചു. എന്നാൽ ഷോറൂം ജിവനക്കാർ പേപ്പറുകള്‍ തിരികെ നൽകിയില്ല. സോഫിയയോട് ഇവർ അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് സോഫിയെയും സുഹൃത്തുക്കളെയും മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ വിദ്യാർഥിയായ നിധിന് സാരമായി പരിക്കേറ്റിട്ടുണ്ട്.