Kerala
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലെ തർക്കം; വൈദ്യുതിമന്ത്രി യൂണിയൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും
Kerala

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലെ തർക്കം; വൈദ്യുതിമന്ത്രി യൂണിയൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

Web Desk
|
12 Dec 2022 1:43 AM GMT

സ്മാർട്ട് മീറ്റുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് ഈ മാസം 15ന് സമർപ്പിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേന്ദ്രം പറഞ്ഞ നിർദേശങ്ങൾ അതേപടി നടപ്പിലാക്കരുതെന്ന് കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടനകൾ. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലെ പ്രാരംഭ നടപടികൾ ആരംഭിച്ചില്ലെങ്കിൽ കേന്ദ്രസഹായം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വൈദ്യുതിവകുപ്പ്. തർക്കങ്ങൾ പരിഹരിക്കാൻ വൈദ്യുതിമന്ത്രി ഇന്ന് കെ.എസ്.ഇ.ബിയിലെ യൂണിയനുകളുമായി ചർച്ച നടത്തും.

പദ്ധതി പ്രകാരം സ്മാർട്ട് മീറ്ററിൽ നിന്നുള്ള വിവരം സെർവറിൽ ശേഖരിക്കുന്നതും ബില്ല് ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കേണ്ടത് സ്വകാര്യ കമ്പനിയാണ്. കെ.എസ്.ഇ.ബിയുടെ വിവരശേഖരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംഘടനകൾ പറയുന്നു. മാത്രമല്ല മീറ്ററൊന്നിന് കേന്ദ്ര ധനസഹായമായി കിട്ടുന്ന 450 രൂപയേക്കാൾ വലിയ നേട്ടം പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടപ്പാക്കുന്നതിലൂടെ ലഭിക്കുമെന്നും വാദമുണ്ട്.

സ്മാർട്ട് മീറ്റുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് ഈ മാസം 15ന് സമർപ്പിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും കാര്യമായ പുരോഗതി വരുത്തിയപ്പോൾ കേരളത്തിൽ ആകെ സ്ഥാപിച്ചത് 805 മീറ്ററുകളാണ്. അത് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് ചെയ്തത്. കെ.എസ്.ഇ.ബി ഒരെണ്ണം പോലും സ്ഥാപിച്ചില്ല. കേന്ദ്ര ഊർജമന്ത്രാലയം അവസാനമായി അയച്ച കത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

Similar Posts