മരണകാരണം സഹകരണബാങ്കിലെ തർക്കങ്ങൾ; സിപിഐ നേതാവ് സജി കുമാറിന്റെ കുറിപ്പ് പുറത്ത്
|സിപിഐ നേതാവ് ഭാസുരാംഗനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്
തിരുവനന്തപുരം: മാറനല്ലൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതിയായ സിപിഐ നേതാവ് സജി കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സഹകരണബാങ്കിലെ തർക്കങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പ്. സിപിഐ നേതാവ് ഭാസുരാംഗനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടെല്ല ബാങ്ക് പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ ചതിച്ചെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇന്നലെയാണ് സജി കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
'ഭാസുരാംഗന് വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു, സിപിഐ എന്ന പാർട്ടി ഭാസുരാംഗന് കീഴടങ്ങി. പാർട്ടി അധഃപതിച്ചു'; സജിയുടെ കുറിപ്പിൽ പറയുന്നു. കണ്ടെല്ല ബാങ്കിൽ ഭാസുരാംഗന്റെ സമ്മതമില്ലാതെ താൻ മത്സരിച്ചുവെന്നും അതിന് ഇത്രയും ക്രൂരത തന്നോട് വേണമായിരുന്നോ എന്നും സജി കുമാർ ആത്മഹത്യാ കുറിപ്പിൽ ചോദിക്കുന്നുണ്ട്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് സജിയെ മധുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മധുരയിലെ ലോഡ്ജ് ഉടമ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ തന്നെ മധുരയിലേക്ക് പുറപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 7.30ഓടുകൂടിയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ സുധീര്‍ഖാന്റെ ദേഹത്ത് ആസിഡൊഴിച്ചത്. സുധീര്‍ഖാനും കുടുംബവും മാറനല്ലൂര്‍ ശാന്തിനഗറിലുള്ള വീട്ടിലാണ് താമസം. ആദ്യം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്.
രാവിലെ സുധീർഖാൻ കിടന്നിരുന്ന മുറിയിൽ മരിച്ച സജികുമാർ എത്തിയിരുന്നെന്ന് സുധീർഖാന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ സജികുമാർ പിന്നീട് മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.