ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
|ഇഞ്ചക്ഷന് നൽകാൻ കൈയിൽ ഘടിപ്പിച്ച കാനുല പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതെന്നാണ് ആരോപണം
കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്. അരിവാൾ രോഗിയായ യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാണ് ആരോപണം.
വയനാട് പനമരം പുതൂര്‍ കോളനിയിലെ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനാദരവ് കാണിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. പുതൂര്‍ പണിയ കോളനിയിലെ അയ്യപ്പന് - തങ്കമണി ദമ്പതികളുടെ മകൻ അഭിജിത്തിൻ്റെ മൃതദേഹത്തിൽ നിന്ന് ഇഞ്ചക്ഷന് നൽകാൻ കൈയിൽ ഘടിപ്പിച്ച കാനുല പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. വീട്ടിലെത്തിച്ച ശേഷമാണ് ബന്ധുക്കള്‍ ഇക്കാര്യമറിയുന്നത്. അരിവാള്‍ രോഗിയായ 19കാരൻ ചികിത്സക്ക് ചെന്നപ്പോള്‍ മുതൽ കടുത്ത അവഗണനക്കിരയായിരുന്നതായും കുടുംബം പറയുന്നു.
ആദിവാസി എന്നതിനു പുറമെ അരിവാൾ രോഗി എന്നതും അവഗണനക്ക് കാരണമായെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെയാണ് ആരോഗ്യ മന്ത്രി അന്വേഷണത്തിനുത്തരവിട്ടത്. ഡിസംബര്‍ 18നാണ് കല്‍പ്പറ്റ ഗവ.ആശുപത്രിയില്‍ അഭിജിത്തിനെ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും 19 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.
ചികിത്സയിലിരിക്കെയും മരണാനന്തരവും ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.