Kerala
സംഘർഷ സാഹചര്യത്തിൽ സെന്റ് മേരിസ് ബസലിക്കയിലേക്ക് പോകരുതായിരുന്നു;  ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് 9 ബിഷപ്പുമാർ
Kerala

'സംഘർഷ സാഹചര്യത്തിൽ സെന്റ് മേരിസ് ബസലിക്കയിലേക്ക് പോകരുതായിരുന്നു'; ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് 9 ബിഷപ്പുമാർ

Web Desk
|
2 Dec 2022 8:21 AM GMT

പള്ളി അടച്ചിടുന്നതിന് കാരണമായത് ആർച്ച് ബിഷപ്പിന്റെ നടപടിയാണെന്നും സിറോ മലബാർ സഭാ സിനഡിലെ ബിഷപ്പുമാർ കർദിനാൾ ആലഞ്ചേരിക്ക് അയച്ച കത്തിലുണ്ട്

കൊച്ചി: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് ബിഷപ്പുമാരുടെ കത്ത് . സംഘർഷ സാഹചര്യത്തിൽ സെന്റ് മേരിസ് ബസലിക്കയിലേക്ക് പോകാൻ ആൻഡ്രൂസ് താഴത്ത് ശ്രമിക്കരുതായിരുന്നുവെന്ന് കത്തിൽ പറയുന്നു. പള്ളി അടച്ചിടുന്നതിന് കാരണമായത് ആർച്ച് ബിഷപ്പിന്റെ നടപടിയാണെന്നും സിറോ മലബാർ സഭാ സിനഡിലെ ഒമ്പത് ബിഷപ്പുമാർ കർദിനാൾ ആലഞ്ചേരിക്ക് അയച്ച കത്തിലുണ്ട്. കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ഏകീകൃത കുർബാന അർപ്പിക്കാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എത്തിയതിനെ തുടർന്നുള്ള സംഘർഷത്തിലാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക അടച്ചിട്ടത്. പള്ളി അടച്ചിട്ട് അഞ്ചുദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു കൂടി അംഗമായ സിനഡിലെ ബിഷപ്പുമാരുടെ വിമർശനം. സംഘർഷ സാഹചര്യത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പള്ളിയിലേക്ക് പോകാൻ പാടില്ലായിരുന്നു.ആൻഡ്രൂസ് താഴത്തിന്റെ നടപടിയാണ് പള്ളി അടച്ചിടുന്നതിന് കാരണമായത്.

ഏകീകൃത കുർബാനയെ എതിർക്കുന്നവരുമായി സിനഡ് നിയോഗിച്ച മെത്രാൻ സമിതി ചർച്ച നടത്തി സമവായത്തിന്റെ പാത തുറന്നിട്ടിരിക്കുന്ന ഘട്ടത്തിൽ ആർച്ച് ബിഷപ്പിന്റെ നടപടി ചർച്ചകളെ തകർക്കാനെ ഉപകരിക്കുമെന്നും ബിഷപ്പുമാർ കുറ്റപ്പെടുത്തി. സി.ബി.സി.ഐ യോഗ തീരുമാനങ്ങൾക്ക് എതിരാണ് നടപടിയെന്നും വിമർശനമുയർന്നു. സീറോ മലബാർ സഭയുടെ സിനഡിലെ 9 ബിഷപ്പുമാർ ചേർന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കത്തയച്ചത്. പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന പൊലീസ് ശിപാർശയിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. പള്ളി അടച്ചിട്ടതിനെതിരെ ഏകീകൃത കുർബാനയെ എതിർക്കുന്ന വൈദികരുടെ വിഭാഗവും പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് ആർച്ച് ബിഷപ്പിന്റെ നടപടിയെ ചൊല്ലിയുള്ള സിനഡിലെ ഭിന്നത.


Similar Posts