Kerala
quarry

ക്വാറി

Kerala

ക്വാറികളിൽ സ്ഫോടനം നടത്താനുള്ള ദൂരപരിധി 150 മീറ്ററാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

Web Desk
|
4 March 2023 1:39 AM GMT

ദേശീയ ഹരിത ട്രൈബ്യൂണലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് ക്വാറികളിൽ സ്ഫോടനം നടത്താനുള്ള ദൂരപരിധി 150 മീറ്ററാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ദേശീയ ഹരിത ട്രൈബ്യൂണലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സംസ്ഥാനത്ത് ക്വാറികളിൽ സ്ഫോടനം നടത്താനുള്ള ദൂരപരിധി സർക്കാർ 50 മീറ്ററാക്കി ചുരുക്കിയിരുന്നു.

ക്വാറികളിൽ സ്ഫോടനം നടത്താനുള്ള ദൂരപരിധി വീടുകളിൽ നിന്ന് 150 മീറ്ററിൽ കുറയരുതെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിലെ ശിപാർശ. 300 മീറ്ററോളം ദൂരപരിധി അപകട സാധ്യതയുള്ള പ്രദേശമായി കണക്കാക്കണം. ഈ പരിധിയിൽ അതിനാവശ്യമായ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സ്ഫോടനം നടക്കുമ്പോൾ കല്ല് തെറിക്കാനുള്ള സാധ്യത, പൊടിശല്യം, ശബ്ദം, പ്രകമ്പനം എന്നിവയെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ക്രോഡീകരിച്ചാണ് വിദഗ്ധ സമിതി 1138 പേജുള്ള സമഗ്ര റിപ്പോർട്ട് സമർപ്പിച്ചത്.

മാർച്ച് 14 ന് ഹരിത ട്രൈബ്യൂണൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കും. റിപ്പോർട്ട് അംഗീകരിച്ചാൽ സംസ്ഥാനത്തെ നിരവധി ക്വാറികളുടെ പ്രവർത്തനത്തെ ബാധിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെ ശാസ്ത്രജ്ഞൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Similar Posts