Kerala
ശ്രീനാരായണ ഗുരു സര്‍വകലാശാലയ്ക്ക് പുറത്തും വിദൂര പഠനത്തിന് അനുമതി; സര്‍ക്കാര്‍ ഉത്തരവ് കോടതി കയറും
Kerala

ശ്രീനാരായണ ഗുരു സര്‍വകലാശാലയ്ക്ക് പുറത്തും വിദൂര പഠനത്തിന് അനുമതി; സര്‍ക്കാര്‍ ഉത്തരവ് കോടതി കയറും

Web Desk
|
29 July 2021 5:24 AM GMT

ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നത്.

ശ്രീനാരാണ ഗുരു ഓപണ്‍ സര്‍വകലാശാലയ്ക്ക് പുറത്തും വിദൂര, പ്രൈവറ്റ് പഠനത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മറ്റിയാണ് ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്നത്.

ഓപണ്‍ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെയുള്ള ഉത്തരവിന് നിയമസാധുതയില്ലെന്ന വാദമാണ് സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മറ്റി മുന്നോട്ട് വെയ്ക്കുന്നത്.

നിയമസഭ പാസാക്കിയ നിയമപ്രകാരം വിദൂര, പ്രൈവറ്റ് പഠനം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വഴി മാത്രമേ സാധ്യമാകൂ. യു.ജി.സി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ അനുമതി ഓപണ്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസത്തിനും പ്രൈവറ്റ് രജിസ്ട്രേഷനും വഴി താല്‍ക്കാലികമായി കോഴ്സുകള്‍ നടത്താന്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുമതി നല്‍കുകിയത്.

എന്നാല്‍ ഇതിനു നിയമസാധുതയില്ലെന്നും ആക്ടില്‍ ഭേദഗതി വരുത്തുകയും വേണമെന്ന നിലപാട് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിന് പകരം ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മറ്റി കോടതിയെ സമീപിക്കുന്നത് .

ഓപ്പണ്‍ സര്‍വകലാശാല നിയമത്തിന് എതിരായി കോഴ്സുകള്‍ പുനരാരംഭിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മറ്റി ചൂണ്ടികാണിക്കുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നത്.

Similar Posts