ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും
|ആറ് മാസങ്ങൾക്ക് ശേഷമാണ് ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം പുനഃരാരംഭിക്കുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും. തപാൽ വകുപ്പുമായി ധാരണയായതോടെയാണ് വിതരണം തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങുക. 26,500 ഡ്രൈവിങ് ലൈസൻസ്, 28,000 ആർസി ബുക്ക് എന്നിവ തപാൽ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആറ് മാസങ്ങൾക്ക് ശേഷമാണ് ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം തുടങ്ങുന്നത്. തപാൽ വകുപ്പുമായി ബി.എൻ.പി.എൽ കരാറായതിനാൽ കൊടുക്കാനുള്ള തുക നൽകിയിട്ടില്ല. ഈ മാസം അവസാനത്തോടെ നൽകേണ്ട ഒന്നരക്കോടി കൈമാറും.
വലിയ സംഖ്യ കുടിശ്ശികയായതോടെ 2023 നവംബറിലാണ് സംസ്ഥാനത്ത് ആർ.സി ലൈസൻസ് വിതരണം തപാൽ വകുപ്പ് നിർത്തിയത്. ആർ.സി, ലൈസൻസ് വിതരണം നടത്തിയ വകയിൽ 2.84 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നൽകിയ സേവനത്തിന് പണം നൽകിയില്ലെന്നാണ് തപാൽ വകുപ്പ് പറഞ്ഞിരുന്നത്. വിതരണം നിർത്തുന്നതായി അറിയിച്ച് തപാൽ വകുപ്പ് എം.വി.ഡിക്ക് കത്ത് നൽകുകയായിരുന്നു. 2023 നവംബർ ഒന്ന് മുതലാണ് സേവനം നൽകുന്നത് അവസാനിപ്പിച്ചത്.