'മുതിർന്ന നേതാക്കളുടെ നിർദേശം ഗൗനിച്ചില്ല, വെല്ലുവിളിയായത് സ്ഥാനാർഥിയുടെ പിഴവുകൾ'; രമ്യ ഹരിദാസിനെ വിമർശിച്ച് ജില്ലാ നേതൃത്വം
|പ്രവർത്തകരുടെ കഠിനാധ്വാനത്തെ ഒറ്റയടിക്ക് തള്ളിപ്പറയാൻ പാടില്ലെന്ന് രമ്യ ഹരിദാസ്
പാലക്കാട്: ആലത്തൂരിലെ തോൽവിക്ക് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വിമർശിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം. സ്ഥാനാർഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്. മുതിർന്ന നേതാക്കളടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർത്ഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നും ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ മീഡിയവണിനോട് പറഞ്ഞു.
രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പിഴവില്ല, സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്.മുതിർന്ന നേതാക്കൾ അടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. ആലത്തൂർ കൈവിട്ടുപോയതിൽ വിഷമമുണ്ടെന്നും എ.തങ്കപ്പൻ പറഞ്ഞു.
അതേസമയം, ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തി. 'എല്ലാ തീരുമാനങ്ങളും പാർട്ടിക്കൊപ്പം നിന്നാണ് എടുത്തത്. നേതാക്കളുടെ നിർദേശം ഗൗനിച്ചില്ലെന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് താൻ. വിമർശനങ്ങളും പരാതിയും ഉണ്ടെങ്കിൽ മാധ്യമങ്ങളലല്ല, പാർട്ടികകത്ത് ചർച്ച ചെയ്യും. മണ്ഡലത്തിലെ പ്രവർത്തകരുടെ കഠിനാധ്വാനത്തെ ഒറ്റയടിക്ക് തള്ളിപ്പറയാൻ പാടില്ലെന്നും' രമ്യാ ഹരിദാസ് പറഞ്ഞു. പോരായ്മ ഉണ്ടായത് എവിടെയാണെന്നും വീഴ്ച പറ്റിയോയെന്നും പാർട്ടി പരിശോധിക്കും.പാർട്ടിയും മുന്നണി പ്രവർത്തകരും നന്നായി തന്നെ പ്രവർത്തിച്ചു.ഇനിയും ആലത്തൂർകാർക്കൊപ്പം തന്നെ ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.