Kerala
K.H Babujan,fake certificate controversy, disunity in Kayamkulam CPM;complaint against  K.H Babujan,latest malayalam news,വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സി.പി.എമ്മിൽ ഭിന്നത രൂക്ഷം; കെ.എച്ച്   ബാബുജാനെതിരെ ഒരു വിഭാഗം പരാതി നൽകും
Kerala

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സി.പി.എമ്മിൽ ഭിന്നത രൂക്ഷം; കെ.എച്ച് ബാബുജാനെതിരെ ഒരു വിഭാഗം പരാതി നൽകും

Web Desk
|
21 Jun 2023 6:59 AM GMT

നിഖിൽ തോമസ് വിഷയത്തിൽ ഒന്നും മറച്ചു വെക്കാനില്ലെന്ന് ബാബുജാൻ

ആലപ്പുഴ:കെ എച്ച് ബാബുജാനെതിരെ കായംകുളം സി.പി.എമ്മിലെ ഒരു വിഭാഗം പരാതി നൽകും.ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

സി പിഎമ്മിൽ ഐ എം ൽ കായംകുളത്തു നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് നിഖിലിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്. ഇത് ആലപ്പുഴയിലെ സി പി എമിനെ കൂടുതൽ കുരുക്കിലാക്കുകയാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് നിഖിലിനെതിരെ പരസ്യമായും പാർട്ടി വേദികളിലും ആരോപണമുയർന്നിരുന്നു. ഇതിൽ മൗനം പാലിച്ച പാർട്ടി നേതൃത്വം ഇപ്പോൾ വെട്ടിലായ അവസ്ഥയിലാണ്.

പാർട്ടി വിഭാഗീയതയുടെ ഭാഗമായി പാർട്ടിക്കകത്തെ പ്രശ്നങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിളിച്ചു പറയുന്ന രീതിയാണ് കുറച്ച് നാളായി കായംകുളത്ത് നടക്കുന്നത്. 5 മാസം മുൻപ് പരസ്പര ആരോപണത്തിൻ്റെ ഭാഗമായി നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കാര്യവും ഫേസ്ബുക്ക് വഴി പുറത്തു വന്നിരുന്നു.

ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫെയ്‌സ്ബുക്ക് പേജുകള്‍ വഴിയാണ് സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ആരോപണം നാട്ടിൽ ചർച്ചയായതോടെ കെ.എസ്.യുവും എം.എസ്.എഫും കോളജിൽ നിഖിൽ തോമസിന്റെ രേഖകൾ ആവശ്യപ്പെട്ട്‌ വിവരാവകാശ അപേക്ഷ നൽകി. വ്യക്തിപരമായ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു കോളജ് നൽകിയ മറുപടി. ഇതിനിടയിൽ എസ് എഫ് ഐ അണികൾ വഴി ജില്ലാ സമ്മേളനത്തിലും നിഖിലിനെതിരെ ചർച്ച അഴിച്ചുവിട്ടു. ഇതോടെ സി.പി.എം ഏരിയ നേതൃത്വം നിഖിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ച് മാറ്റി നിര്‍ത്തി.

എന്നാൽ സർട്ടിഫിക്കറ്റ് വിവാദം അങ്ങനെ കെട്ടടങ്ങിയില്ല. വിഭാഗീയതയുടെ ഭാഗമായി വിവാദം കൊഴുത്തു. ഒടുവിൽ നിഖിലിനെ കയ്യൊഴിയാനുള്ള തീരുമാനത്തിലെത്തി. അപ്പോഴും പ്രശ്നം പാർട്ടി നേതാവും സർവകലാശാല സിൻഡിക്കേറ്റ് അംഗമായ കെ എച്ച് ബാബുജാനെ കേന്ദ്രീകരിച്ച് ആരോപണം ശക്തിപ്പെട്ടതോടെ സി.പി.എം നേതൃത്വം പ്രശ്ന പരിഹാരത്തിന് ഇനിയും വിയർപ്പൊഴുക്കേണ്ടി വരും.

എന്നാല്‍ നിഖിൽ തോമസ് വിഷയത്തിൽ ഒന്നും മറച്ചു വെക്കാനില്ലെന്ന് കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം കെ.എച്ച് ബാബുജാൻ പറഞ്ഞു. സർവകലാശാലയിൽ നിന്ന് വിവരങ്ങൾ തേടിയതിന് ശേഷം കൃത്യമായി പ്രതികരിക്കും. നിഖിൽ തെറ്റ് ചെയ്തെന്നാണല്ലോ വ്യക്തമായിരിക്കുന്നതെന്നും ബാബുജാൻ പറഞ്ഞു.


Similar Posts