എറണാകുളം മുസ്‌ലിം ലീഗിലെ വിഭാഗീയത: താക്കീതുമായി സംസ്ഥാന നേതൃത്വം
|പാർട്ടിയിൽ സംസ്ഥാന അധ്യക്ഷന് കീഴിലുള്ള ഒറ്റ ഗ്രൂപ്പ് മതിയെന്ന് പി.എം.എ സലാം
കൊച്ചി: എറണാകുളം മുസ്‌ലിം ലീഗിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെ താക്കീതുമായി സംസ്ഥാന നേതൃത്വം. വീഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വിഭാഗീയത തുടർന്നാൽ കഴിവും പ്രാഗത്ഭ്യമുള്ളവരെ കണ്ടെത്തി സ്ഥാനമാനങ്ങൾ ഏൽപ്പിക്കുമെന്നും ഒരു ഗ്രൂപ്പിനേയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷന് കീഴിലുള്ള ഒറ്റ ഗ്രൂപ്പ് മതിയെന്നും പി.എം.എ സലാം മുന്നറിയിപ്പ് നൽകി.
എറണാകുളം മുസ്‌ലിം ലീഗിൽ വിഭാഗീയത രൂക്ഷമായി തുടരവേ വിമത ഗ്രൂപ്പ് ശക്തി പ്രകടനം നടത്തിയത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ പിന്തുണക്കുന്ന അഹമ്മദ് കബീർ ഗ്രൂപ്പാണ് കളമശ്ശേരിയിൽ ശക്തിപ്രകടനം നടത്തിയത്. മണ്ഡലം ഭാരവാഹികൾ അടക്കമുള്ള നേതാക്കൾ യോഗത്തിനെത്തിയിരുന്നു.
അഹമ്മദ് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ ജില്ലാ പ്രസിഡൻറ് ഹംസ പറക്കാട്ടിലിനെ നേതൃത്വം പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയോടുള്ള കടുത്ത അമർഷമാണ് കബീർ ഗ്രൂപ്പിനെ ശക്തിപ്രകടനത്തിന് പ്രേരിപ്പിച്ചത്. 'ഖിലാഫത്ത് റദ്ദാക്കലിന്റെ ഒരു നൂറ്റാണ്ട്' എന്ന പേരിലാണ് കളമശ്ശേരിയിൽ യോഗം സംഘടിപ്പിച്ചത്.