'ദി കേരള സ്റ്റോറിക്ക് അനുമതി നൽകരുത്'; വിദ്വേഷ പ്രചാരകർക്കെതിരെ നടപടി വേണമെന്ന് ഐ.എൻ.എൽ
|കേരളം 'ലവ് ജിഹാദിന്റെ'യും മതപരിവർത്തനത്തിെന്റെയും ഭീകരപ്രവർത്തനങ്ങളുടെയും താവളമാണെന്ന സംഘ്പരിവാർ ദുഷ്പ്രചാരണങ്ങളെ ബലപ്പെടുത്തുക എന്ന കുടില അജണ്ടയാണ് ഈ ചിത്രത്തിന് പിന്നിൽ.
കോഴിക്കോട്: അസത്യജഢിലമായ പ്രചരണങ്ങളുമായി കേരളത്തെ ലോകത്തിന് മുന്നിൽ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും വർഗീയധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന സുദീപ്തോ സെന്നിെന്റെ 'ദി കേരള സ്റ്റോറി' എന്ന ഹിന്ദി സിനിമയ്ക്ക് ഇവിടെ ഒരു നിലയ്ക്കും പ്രദർശനാനുമതി നൽകരുതെന്ന് ഐ.എൻ.എൽ.
വർഗീയ പ്രചാരണങ്ങൾ ലക്ഷ്യമിട്ട് കടുത്ത ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണമെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. കശ്മീർ പ്രശ്നത്തെ ആർ.എസ്.എസ് കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച 'കശ്മീർ ഡയറി'യുടെ തുടർച്ചയെന്നോണം കേരളം ഭീകരവാദികളുടെ താവളമാണെന്ന് ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്ന് അതിന്റെ ടീസർ പുറത്തുവിട്ടപ്പോൾ തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്.
വിദ്വേഷ പ്രചാരണങ്ങളിലുടെ കേരളത്തിൽ നിലനിൽക്കുന്ന പാരസ്പര്യത്തിന്റേയും മതമൈത്രിയുടെയും അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്, മേയ് അഞ്ചിന് റിലീസാവുന്ന ചിത്രം തയാറാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായെന്നും ഇവരെയൊക്കെ മതം മാറ്റി ഐ.എസ്.എസിനു വേണ്ടി ജിഹാദ് നടത്താൻ കടത്തിക്കൊണ്ടുപോയിരിക്കുകയാണെന്നുമാണ് സിനിമ പ്രചരിപ്പിക്കാൻ പോകുന്നത്.
കേരളം 'ലവ് ജിഹാദിന്റെ'യും മതപരിവർത്തനത്തിെന്റെയും ഭീകരപ്രവർത്തനങ്ങളുടെയും താവളമാണെന്ന സംഘ്പരിവാർ ദുഷ്പ്രചാരണങ്ങളെ ബലപ്പെടുത്തുക എന്ന കുടില അജണ്ടയാണ് ഈ ചിത്രത്തിന് പിന്നിൽ. എല്ലാ നിലയ്ക്കും നിരോധിക്കപ്പെടേണ്ട ഒരു സൃഷ്ടിയാണെന്നിരിക്കെ മതവിദ്വേഷം പരത്തുകയും ജനവിഭാഗങ്ങളെ തമ്മിൽ അകറ്റുകയും ചെയ്യുന്ന ഒരു സിനിമയെ അതിന്റെ പാട്ടിന് വിടുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും അയച്ച കത്തിൽ കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.