ഒരു കാരണവശാലും ഓർഡിനന്‍സില്‍ ഒപ്പു വെക്കരുത്; ലോകായുക്ത ഭേദഗതിയിൽ പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു
|പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം ഗവര്‍ണറെ രാജ് ഭവനിൽ എത്തിക്കണ്ടത്
ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. യുഡിഎഫ് പ്രതിനിധി സംഘം വളരെ വിശദമായി ഗവർണറെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു കാരണവശാലും ഓർഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ തിരിക്കിട്ട് ഒപ്പ് വെയ്ക്കില്ലെന്നാണ് സൂചന. ഇക്കാര്യമുന്നയിച്ചു കൊണ്ട് നേതാക്കൾ നേരത്തേ കത്ത് അയച്ചിരുന്നു.
നിയമ മന്ത്രിയുടെ മറുപടി വസ്തുതാ വിരുദ്ധമാണ്. ലോകായുക്ത നിയമത്തിലെ 12,14 ആക്ടുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. 14ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. 14ാം വകുപ്പ് ഉപയോഗിച്ചാണ് ലോകായുക്ത ജലീലിനെതിരായ കേസില്‍ വിധി പറഞ്ഞത് വെക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണോയെന്ന് പരിശോധിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്. സുപ്രീം കോടതിവിധിക്കെതിരായ കാര്യങ്ങളാണ് നിയമ മന്ത്രി പറയുന്നത്. നിയമ മന്ത്രി സുപ്രീംകോടതിവിധികള്‍ വായിക്കണം. സർക്കാറിന്റെ വാദങ്ങള്‍ ദുർബലമാണ്. ഓർഡിനന്‍സ് കൊണ്ടുവരുന്നത് മുഖ്യമന്ത്രിയേയും ആർ ബിന്ദുവിനേയും സംരക്ഷിക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം ഗവര്‍ണറെ രാജ് ഭവനിൽ എത്തിക്കണ്ടത്. ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, പിഎംഎ സലാം, മോന്‍സ് ജോസഫ് , എഎ അസീസ്, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. നിയമവിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റെതെന്നാണ് പ്രതിപക്ഷ വാദം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും ഗവര്‍ണറെ യു.ഡിഎഫ് ധരിപ്പിച്ചു.
തീരുമാനം വൈകിയാല്‍ സര്‍ക്കാരിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കേണ്ടി വരും. മറിച്ച് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കുകയാണെങ്കില്‍ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറെ സമീപിച്ച് ഓര്‍ഡിനന്‍സിന് അംഗീകാരം വാങ്ങാന്‍ കഴിയും.