രാഷ്ട്രീയ നേട്ടത്തിനും വർഗീയ പ്രചാരണങ്ങൾക്കും വേണ്ടി ഞങ്ങളുടെ ജീവിതം ഉപയോഗിക്കരുത്: ഷിജിൻ
|സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷിജിൻ
രാഷ്ട്രീയത്തിന് വേണ്ടിയോ വർഗീയ പ്രചാരണങ്ങൾക്ക് വേണ്ടിയോ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന അഭ്യർത്ഥനയുമായി കോടഞ്ചേരി സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പർ ഷിജിൻ. ജോയ്സിയെ വിവഹം ചെയ്തതിനെ തുടർന്നുള്ള വിവാദം പുതിയ രാഷ്ട്രീയ സാമുദായിക ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷിജിൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
പ്രിയപ്പെട്ടവരേ...
ഞാനും ജോയ്സ്നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. (ഇവർ ഒരു രാഷ്ട്രീയ പാർടിയുടെയും ഭാഗമല്ല) പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തിൽ ഇത്രയും നാൾ സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്.