'പഞ്ഞി ഗർഭപാത്രത്തിലല്ലായിരുന്നു, വെച്ചത് ചികിത്സയുടെ ഭാഗമായി'; വിശദീകരണവുമായി ഡോക്ടർ
|യുവതിക്ക് അമിത രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടര്‍
പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്ന പരാതിയിൽ വിശദീകരണവുമായി പാലന ആശുപത്രിയിലെ ഡോക്ടർ. ചികിത്സയുടെ ഭാഗമായാണ് പഞ്ഞി വെച്ചതെന്ന് ഡോ. സി.കെ ലക്ഷ്മി കുട്ടി പറഞ്ഞു.
'വയറിലല്ല, യോനിയിലായിരുന്നു പഞ്ഞി വെച്ചത്. സ്വാഭാവികമായി പഞ്ഞി പോകാറാണ് പതിവെന്നും ഡോക്ടർ പറഞ്ഞു. യുവതിക്ക് അമിതമായ രക്തസ്രാവമുണ്ടായിരുന്നു. അതിനാല്‍ യോനിയില്‍ മരുന്ന് വെച്ച് പ്രഷര്‍പാക്ക് വെച്ചിരുന്നു. കോർപറേറ്റീവ് ആശുപത്രിയിൽ നിന്ന് റഫർ ചെയ്തുവന്നതാണ് യുവതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗിയെ പാലന ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയെത്തുമ്പോൾ രോഗിക്ക് അമിത രക്തസമ്മർദമുണ്ടായിരുന്നു. സിസേറിയൻ കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ യുവതിക്ക് രക്തസ്രാവം അമിതമായി'. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടാണ് രക്തസ്രാവം നിന്നതെന്നും ഡോക്ടര്‍ പറയുന്നു.
ഷബാന എന്ന യുവതിയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂൺ ഒമ്പതിനാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആദ്യം കരുതിയതെന്ന് യുവതി പറയുന്നു. ഇരിക്കാനും നടക്കാനും ഒന്നും പറ്റിയിരുന്നില്ല. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ ബാത്‌റൂമിൽ പോയപ്പോഴാണ് പഞ്ഞിക്കെട്ട് പുറത്ത് വന്നതെന്നും യുവതി പറയുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജിനും പാലക്കാട് ജില്ലാ കലക്ടർക്കും പരാതി നൽകിയതായി യുവതിയുടെ ഭർത്താവ് മീഡിയവണിനോട് പറഞ്ഞു.