Kerala
ഒറ്റമൂലിക്ക് വേണ്ടി വൈദ്യനെ കൊലപ്പെടുത്തിയ കേസ്; നാല് പേർ അറസ്റ്റിൽ, പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
Kerala

ഒറ്റമൂലിക്ക് വേണ്ടി വൈദ്യനെ കൊലപ്പെടുത്തിയ കേസ്; നാല് പേർ അറസ്റ്റിൽ, പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Web Desk
|
11 May 2022 5:44 AM GMT

വൈദ്യനെ ചങ്ങലക്കിട്ട് റൂമിൽ ബന്ധിയാക്കിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

മലപ്പുറം: ഒറ്റമൂലിയുടെ കൂട്ട് വെളിപ്പെടുത്താത്തതിന് പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയ കേസില്‍ നാല് പേർ അറസ്റ്റില്‍. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലേക്ക് വരാമെന്നും മലപ്പുറം എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി. നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫാണ് മുഖ്യപ്രതി.

പ്രതികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകം തെളിയാനിടയാക്കിയത്. വൈദ്യനെ ചങ്ങലക്കിട്ട് റൂമില്‍ ബന്ധിയാക്കിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മൃതദേഹം കിട്ടാത്തത് വെല്ലുവിളിയാണ്, ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി കേസ് തെളിയിക്കും. വൈദ്യനെ തട്ടിക്കൊണ്ടുവരാന്‍ സഹായിച്ചവരേയും അറസ്റ്റ് ചെയ്യുമെന്ന് എസ്.പി പറഞ്ഞു.

മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫിനെയാണ് ഷൈബിനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുവന്ന് ഒളിവിൽ പാർപ്പിച്ചത്. ഷൈബിന്‍ അഷ്റഫിന്‍റെ നിലമ്പൂര്‍ മുക്കട്ടയിലുള്ള വീടിന്‍റെ ഒന്നാം നിലയിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ചത്. വൈദ്യന് അറിയാവുന്ന പൈല്‍സുമായി ബന്ധപ്പെട്ടുള്ള ഒറ്റമൂലിയുടെ വിപണന സാധ്യത മനസിലാക്കി, ബിസിനസിനുള്ള ശ്രമമായിരുന്നു പ്രതികള്‍ നടത്തിയതെന്നും പൊലീസ് പറയുന്നു.

2020 ഒക്ടോബര്‍ വരെ വൈദ്യനെ തടവില്‍വെച്ചു. മര്‍ദനമാണ് മരണകാരണം. മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഡംബര കാറിൽ കയറ്റി ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വൈദ്യനെ കാണാതായ കേസ് മൈസൂരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈബിൻ കുടുങ്ങിയത്.

Similar Posts