Kerala
man handled doctor two arrested nadapuram govt college
Kerala

രോഗിയുടെ കൂടെവന്നയാള്‍ക്കും മരുന്ന് വേണമെന്ന് പറഞ്ഞ് ഡോക്ടറെ കയ്യേറ്റം ചെയ്തു: രണ്ടു പേര്‍ അറസ്റ്റില്‍

Web Desk
|
14 July 2023 2:10 AM GMT

  • സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

കോഴിക്കോട്: നാദാപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചൊക്ലി സ്വദേശികളെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

കണ്ണൂര്‍ ചൊക്ലി കരിയാട് സൌത്ത് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചെവി അടഞ്ഞതിന് ചികിത്സ തേടിയെത്തിയ ആളുടെ കൂടെയെത്തിയവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഒപി ടിക്കറ്റെടുക്കാത്ത രോഗിയുടെ കൂടെയുള്ളയാളും മരുന്ന് വേണമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഭരത് കൃഷ്ണയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയ പ്രതികൾ പൊലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ പോകുന്നതിനിടെ നാദാപുരം പേരോടിന് സമീപം വെച്ചാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ആശുപത്രി ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പൊലീസ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



Related Tags :
Similar Posts