ഈ കച്ചവട ചിന്താഗതി ഉണ്ടായിരുന്നെങ്കിൽ വസൂരി തുടച്ചുനീക്കപ്പെടുമായിരുന്നോ?
|മറ്റ് രാജ്യങ്ങള്‍ എങ്ങനെയാണ് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ് ഡോക്ടര്‍ ജിനേഷ്
കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മരുന്ന് കമ്പനികള്‍ക്ക് തോന്നുംപോലെ വില നിശ്ചയിക്കാന്‍ അനുവാദം നല്‍കി മാറിനില്‍ക്കുന്ന മോദി സര്‍ക്കാരിനെ, മറ്റ് രാജ്യങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഡോക്ടര്‍ ജിനേഷ് പി എസ്. അമേരിക്ക, ബ്രിട്ടന്‍, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സൌജന്യമായാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയേക്കാൾ സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും ജനങ്ങളെ സഹായിക്കാൻ നോക്കുകയാണെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.
കോവിഡ് വാക്സിൻ പ്രതിരോധ നടപടികൾക്കായി 35,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയ കേന്ദ്രസർക്കാർ കൈമലർത്തി കാണിക്കുകയാണ്. ഈ മഹാമാരിക്കാലത്ത് അമിതലാഭം ഈടാക്കാതെ വാക്സിൻ വിതരണം നടത്തണം എന്ന നിലപാടുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ മേഖലയിൽ 600 രൂപയ്ക്കും വിറ്റ് അമിത ലാഭം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന് 150 രൂപയ്ക്ക് നൽകുന്നതിൽ സാമ്പത്തികമായി നഷ്ടമില്ല എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. ദേശീയത എന്ന വികാരം ഉപയോഗിച്ച മറ്റൊരു കൂട്ടരുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ എന്ന ലേബലിൽ പരസ്യം നേടിയവർ. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ. സംസ്ഥാന സർക്കാരുകൾക്ക് ഡോസ് ഒന്നിന് 600 രൂപയും സ്വകാര്യ മേഖലയിൽ 1200 രൂപയും ആണ് അവർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില. ദേശീയതയും ആത്മനിർഭറും ഒക്കെ കച്ചവടമായി മാറുന്നു. ഈ കച്ചവട ചിന്താഗതിയും പർച്ചേസിംഗ് കപ്പാസിറ്റി വാദക്കാരുമൊക്കെ ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ ലോകത്തുനിന്ന് വസൂരി തുടച്ചുനീക്കപ്പെടുമായിരുന്നോ? എങ്ങനെയാണ് നമ്മൾ പോളിയോ നിർമാർജനം ചെയ്തത്? സാർവത്രികമായ സൗജന്യ വാക്സിനേഷൻ പദ്ധതികൾ ഇല്ലായിരുന്നെങ്കിൽ ലോകം ഇന്ന് എന്തുമാത്രം പിന്നിൽ ആയിരുന്നേനെ? കച്ചവടം ചെയ്യാനും ലാഭമുണ്ടാക്കാനും ഒക്കെ കമ്പനികൾക്ക് ഇനിയും സമയമുണ്ട്. ഈ മഹാമാരിയെ ഒന്ന് വരുതിയിലാക്കിയ ശേഷം. അതുവരെ എങ്കിലും മനുഷ്യത്വ പൂർണമായ നിലപാടെടുത്ത് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാരിന് ശ്രമിച്ചു കൂടെ എന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്.
ഡോക്ടര്‍ ജിനേഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇപ്പോൾ ഓസ്ട്രേലിയയിലാണ്, മെൽബണിൽ. ഇവിടെ ജനജീവിതം ഏതാണ്ട് സാധാരണ രീതിയിൽ പോകുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് കുറച്ചുനാളായി. കൃത്യമായ നിയന്ത്രണത്തിലൂടെ വരുതിയിലാക്കി എന്നു പറയുകയാവും ശരി. ബസ്സ്, ട്രെയിൻ, ചില ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. സൂപ്പർ മാർക്കറ്റുകളിൽ അടക്കം പലസ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. എങ്കിലും അവിടെയൊക്കെ മാസ്ക് ധരിച്ച് മാത്രം പോകുന്ന ധാരാളം പേരെ കാണാം.
വാക്സിനേഷൻ സാവകാശം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വാക്സിൻ എല്ലാവർക്കും സൗജന്യമാണ്. ആസ്ട്ര സെനക്കയുടെ കോവിഷീൽഡും ഫൈസർ വാക്സിനും വിതരണം ചെയ്യുന്നുണ്ട്. പ്രായവും മറ്റു രോഗങ്ങളും ഒക്കെ പരിഗണിച്ച് മുൻഗണനാ ക്രമത്തിലാണ് വാക്സിനേഷൻ. നമ്മുടെ അവസരം വരുമ്പോൾ വാക്സിനേഷൻ കേന്ദ്രത്തിലെത്തി സൗജന്യമായി വാക്സിൻ സ്വീകരിച്ചു മടങ്ങാം. സ്വകാര്യ ജി പി ഡോക്ടർമാരെ കാണണമെന്ന് നിർബന്ധമുള്ളവർക്ക് അങ്ങനെയും ആവാം. മെഡികെയർ കാർഡ് വേണം എന്ന് മാത്രം. അവിടെയും സൗജന്യമാണ്. പൗരന്മാർക്കും പെർമെൻറ് റെസിഡൻസി ഉള്ളവർക്കും മാത്രമല്ല ഈ സൗജന്യ വാക്സിനേഷൻ. പകരം ഇവിടെയുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമാണ്.
അമേരിക്കയിൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കുന്നു. യു കെയിൽ ഏവർക്കും സൗജന്യമായി ലഭിക്കുന്നു. യുഎഇയിൽ വാക്സിൻ സൗജന്യമാണ്. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളിൽ ജീവിക്കുന്ന സുഹൃത്തുക്കളും പറഞ്ഞത് അവിടെ സൗജന്യമാണ് എന്നാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള സുഹൃത്തുക്കളും അങ്ങനെയാണ് പറഞ്ഞത്.
അവരാരും ജനങ്ങളുടെ പർച്ചേസിംഗ് കപ്പാസിറ്റി നോക്കിയല്ല വാക്സിൻ നൽകുന്നത്. പർച്ചേസിംഗ് കപ്പാസിറ്റി വിലയിരുത്തിയാൽ ഇന്ത്യയുമായി താരതമ്യം ചെയ്തു നോക്കിയാൽ വാക്സിൻ പണം മുടക്കി വാങ്ങാൻ ശേഷിയുള്ളവരുടെ ശതമാനം ഈ രാജ്യങ്ങളിലൊക്കെ എത്രയോ ഉയർന്നതായിരിക്കും! അതൊക്കെ വിലയിരുത്തി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ അവിടങ്ങളിൽ സർക്കാർ ശ്രമിച്ചിട്ടില്ല. പകരം പരമാവധി വാക്സിൻ നൽകാനുള്ള ശ്രമങ്ങളാണ് ആ രാജ്യങ്ങളിൽ നടക്കുന്നത്.
ഇത് പറയുമ്പോൾ ജിഡിപിയുടെ കണക്കുമായി ചില മിത്രങ്ങൾ വരുന്നത് കാണാം. ഇന്ത്യയെക്കാൾ കുറഞ്ഞ ജിഡിപി ഉള്ള എത്രയോ രാജ്യങ്ങളിൽ വാക്സിൻ സൗജന്യമായി നൽകുന്നു! നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ കോവിഡ് വാക്സിൻ നൽകുന്നത് സൗജന്യമായാണ് എന്ന് വായിച്ചിരുന്നു. ബംഗ്ലാദേശിലും വാക്സിൻ സ്വീകരിക്കുന്നവരിൽ നിന്ന് പണം ഈടാക്കിയിട്ടില്ല എന്നാണ് അറിവ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. കൂടാതെ ഒരു അഭ്യർത്ഥന കൂടി, ഈ പോസ്റ്റ് വായിക്കുന്നവർ നിങ്ങൾ ഇപ്പോൾ താമസിക്കുന്ന രാജ്യത്ത് വാക്സിൻ ലഭിക്കുന്നത് എങ്ങനെ എന്ന് ഒരു കമൻറ് രേഖപ്പെടുത്താമോ ? കൂടുതൽ കൃത്യമായി വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ്. ഇന്ത്യയെക്കാൾ സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും ജനങ്ങളെ സഹായിക്കാൻ നോക്കുകയാണ്. എങ്ങനെയും പരമാവധി വാക്സിൻ ശേഖരിച്ച് വിതരണം ചെയ്ത് ഈ മഹാമാരിയെ മറികടക്കാൻ ശ്രമിക്കുകയാണ്.
ആ ഇന്ത്യയിൽ ഇപ്പോൾ വാക്സിൻ കച്ചവടം നടത്തി അമിതലാഭം ഈടാക്കാൻ കമ്പനികൾക്ക് അവസരം നൽകുകയാണ്. കോവിഡ് വാക്സിൻ പ്രതിരോധ നടപടികൾക്കായി 35,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയ കേന്ദ്രസർക്കാർ കൈമലർത്തി കാണിക്കുകയാണ്. ഈ പാൻഡമിക് കാലത്ത് അമിതലാഭം ഈടാക്കാതെ വാക്സിൻ വിതരണം നടത്തണം എന്ന നിലപാടുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും പ്രൈവറ്റ് മേഖലയിൽ 600 രൂപയ്ക്കും വിറ്റ് അമിത ലാഭം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഏത്, കേന്ദ്രസർക്കാരിന് 150 രൂപയ്ക്ക് നൽകുന്നതിൽ സാമ്പത്തികമായി നഷ്ടമില്ല എന്ന് മുൻപ് പറഞ്ഞ സിറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ.
ദേശീയത എന്ന വികാരം ഉപയോഗിച്ച മറ്റൊരു കൂട്ടരുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ എന്ന ലേബലിൽ പരസ്യം നേടിയവർ. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ. സംസ്ഥാന സർക്കാരുകൾക്ക് ഡോസ് ഒന്നിന് 600 രൂപയും സ്വകാര്യമേഖലയിൽ 1200 രൂപയും ആണ് അവർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില. മൂന്നാം ഫെയ്സ് ട്രയൽ പോലും പൂർത്തിയാക്കാതെ ഇന്ത്യയിലെ ബൃഹത്തായ കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ വാക്സിൻ ആണിത്. ഈ ഒരൊറ്റ കാരണം മൂലം മെഡിക്കൽ/ സയൻറിഫിക് കമ്മ്യൂണിറ്റി പോലും രണ്ട് തട്ടിൽ ആയി. ദേശീയത കുത്തിനിറച്ച രാഷ്ട്രീയ തീരുമാനം മൂലം ഉണ്ടായ വേർതിരിവ്, തീർച്ചയായും ഒഴിവാക്കാൻ സാധിക്കുമായിരുന്ന ഒന്ന്. ദേശീയതയും ആത്മനിർഭറും ഒക്കെ കച്ചവടമായി മാറുന്നു. ഇതിനൊക്കെ കുടപിടിക്കാൻ ഒരു കേന്ദ്രസർക്കാരും. അതിനെയൊക്കെ ന്യായീകരിക്കാൻ മറ്റുചില മനുഷ്യത്വ വിരുദ്ധരും...
ഈ കച്ചവട ചിന്താഗതിയും പർച്ചേസിംഗ് കപ്പാസിറ്റി വാദക്കാരുമൊക്കെ ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ ലോകത്തുനിന്ന് വസൂരി തുടച്ചുനീക്കപ്പെടുമായിരുന്നോ? എങ്ങനെയാണ് നമ്മൾ പോളിയോ നിർമാർജനം ചെയ്തത്??? സാർവത്രികമായ സൗജന്യ വാക്സിനേഷൻ പദ്ധതികൾ ഇല്ലായിരുന്നെങ്കിൽ ലോകം ഇന്ന് എന്തുമാത്രം പിന്നിൽ ആയിരുന്നേനെ?
ഈ മഹാമാരി കാലത്ത് സൗജന്യമായി പരമാവധി വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കേണ്ട സമയത്ത്, നിലവിലെ വാക്സിൻ പോളിസി ആരോഗ്യകരമായ മത്സരം ഉണ്ടാക്കും എന്നു പറഞ്ഞ് ജനങ്ങളെ നോക്കിച്ചിരിക്കുന്ന മലയാളിയായ ഒരു കേന്ദ്രമന്ത്രി! ക്രൂരതയുടെ പര്യായമാണോ വിഡ്ഢിത്തരത്തിന്റെ പര്യായം ആണോ എന്ന് മാത്രമേ സംശയമുള്ളൂ...
ഒരു മഹാമാരിയെ എങ്ങനെയും നേരിടാൻ ലോക രാജ്യങ്ങളും മനുഷ്യരും പാടുപെടുകയാണ്. അവിടെയാണ് യാതൊരു ഐഡിയയും ഇല്ലാത്ത രീതിയിൽ, ജനദ്രോഹ നടപടികൾ മാത്രം കൈക്കൊള്ളുന്ന ഒരു സർക്കാർ. കച്ചവടം ചെയ്യാനും ലാഭമുണ്ടാക്കാനും ഒക്കെ കമ്പനികൾക്ക് ഇനിയും സമയമുണ്ട്, ഈ മഹാമാരിയെ ഒന്ന് വരുതിയിലാക്കിയ ശേഷം. അതുവരെ, അതുവരെ എങ്കിലും മനുഷ്യത്വ പൂർണമായ നിലപാടെടുത്ത് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാരിന് ശ്രമിച്ചു കൂടെ ?