ഡോക്ടറേറ്റ് വിവാദം; തനിക്ക് എതിരെ ഗൂഢാലോചന നടന്നു: ഷാഹിദാ കമാൽ
|തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്ത പരിശോധിച്ചു പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ
ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം ആയതിനാലാണെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും 10 വർഷം മുമ്പ് നടന്ന കാര്യം വിവാദമാക്കി. തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്ത പരിശോധിച്ചു പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ പറഞ്ഞു. ചില മാധ്യമങ്ങൾ വ്യാജവാർത്തയിലൂടെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു.
യുഡിഎഫിൽ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് നയമെന്നും ചില അജണ്ടകൾ രൂപപ്പെടുന്നുണ്ട് എന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു. ആ പട്ടികയിൽ മൂന്നാമത്തെയാൽ താനാണ് എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും പിഎച്ച്ഡി ലഭിച്ചത് കസക്കിസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും അവർ അറിയിച്ചു. മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ സംരക്ഷണം നൽകുന്നുണ്ടെന്നും അത് തന്നെയാണ് കരുത്തെന്നും ഷാഹിദ പറഞ്ഞു.