കുതിരവട്ടം; സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല, ഡോക്ടർമാർ സമരത്തിലേക്ക്
|കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കും. പ്രസവ വാർഡ് ഡ്യൂട്ടി, അത്യാഹിത വിഭാഗം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്പെന്ഷന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധം. കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കും. പ്രസവ വാർഡ് ഡ്യൂട്ടി, അത്യാഹിത വിഭാഗം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സസ്പെന്ഷന് പിന്‍വലിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇന്ന് സസ്പെന്ഷന് പിന്‍വലിക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. പി.പി. പ്രീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് കൈമാറിയിരുന്നു.
ആശുപത്രിയും പരിസരവും വാർഡുകളും ബ്ലോക്കുകളുമെല്ലാം വിദഗ്ധ സംഘം വിശദമായി പരിശോധിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ആവശ്യത്തിന് സുരക്ഷാ ജോലിക്കാരില്ലെന്നും ചുറ്റുമതിലില്ലെന്നും കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നതുമടക്കം നിരവധി പരാതികളാണ് ഇതിനോടകം ഉയർന്നത്.