'നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു'; കോങ്ങാട് എം.എൽ.എ കെ.ശാന്തകുമാരിക്കെതിരെ പരാതിയുമായി ഡോക്ടർമാർ
|പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഭർത്താവുമായി പനിക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് സംഭവം
പാലക്കാട്: കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്ക് എതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. ഭർത്താവുമായി പനിക്ക് ചികിത്സ തേടി എത്തിയപ്പോൾ എം.എൽ.എ അധിക്ഷേപിച്ചു എന്നാണ് പരാതി.
ഡോക്ടർമാരുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് എംഎൽഎ പറഞ്ഞുവെന്ന് ഡോക്ടർമാർ ആരോപിച്ചു. വ്യാഴാഴ്ചയാണ് എം.എൽ.എ ഭർത്താവുമായി ആശുപത്രിയിലെത്തിയത്.കാഷ്വാലിറ്റിയിൽ ഭർത്താവിനെ കാണിക്കാൻ വന്നപ്പോഴാണ് സംഭവം.ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ചു എംഎൽഎ കയർത്തെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ
എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു . കൂടാതെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാദാസിന്‍റെ മരണത്തില്‍ നിന്ന് തങ്ങള്‍ ഇനിയും മുക്തരായിട്ടില്ലെന്നും ആ സമയത്താണ് ഒരു നിയമസഭാ അംഗം ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നതെന്നും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.ഇത് ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാൽ ഡോക്ടർമാരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു. ഡോക്ടർമാരോട് നല്ല രീതിയിൽ പെരുമാറണമെന്ന് മാത്രമാണ് പറഞ്ഞതെന്നും കെ.ശാന്തകുമാരി പറഞ്ഞു. ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കാൻ തയ്യറാണെന്നും എം.എൽ.എ കൂട്ടി ചേർത്തു