'ഞങ്ങളിനി എം.ബി.ബി.എസ് കഴിഞ്ഞിട്ട് കരാട്ടയും പഠിക്കണോ'?; ആരോഗ്യമന്ത്രിയോട് ചോദ്യവുമായി ഡോക്ടർമാർ
|ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദമായത്
കൊച്ചി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഡോക്ടർമാർ. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പരാമർശമാണ് വിവാദമായത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്തെത്തി.
' ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറഞ്ഞു, ആ കുട്ടിക്ക് വേണ്ടത്ര എക്‌സ്പീരിയൻസ് ഇല്ലായിരുന്നെന്ന്. എന്താണ് മന്ത്രി ഉദ്ദേശിച്ച എക്പീരിയൻസെന്ന് മന്ത്രി കൃത്യമായും വ്യക്തമായും പറഞ്ഞുതരണം. ഞങ്ങളിനി എം.ബി.ബി.എസ് കഴിഞ്ഞിട്ട് കരാട്ടയും പഠിക്കണോ..അതൊന്ന് വ്യക്തമാക്കിത്തരണം...' ഡോക്ടർമാർ ചോദിച്ചു.
'മന്ത്രി ഉദ്ദേശിച്ചത് തല്ലുണ്ടാക്കിയ എക്‌സ്പീരിയൻസാണോ,അല്ലെങ്കിൽ ആയുധ പരിശീലനമാണോ, കമാന്റോ ട്രെയിനിങ്ങാണോ.. മെഡിക്കൽ കരിക്കുലത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടില്ല. ഇങ്ങനെ ദാരുണമായി മരിക്കാനോ മറ്റുള്ളവരുടെ അടികൊള്ളാനോ ഉള്ള ആൾക്കാരല്ല ഞങ്ങൾ..' കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ചോദിക്കുന്നു.
'ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടിയുണ്ടാകണമെന്ന് പല തവണ ആവശ്യപ്പെട്ടതാണ്. വേണമെങ്കിൽ ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരായിരുന്നെന്ന് നിയമസഭയിൽ നിന്ന് ഒരു എം.എൽ.എ പറഞ്ഞിട്ടുണ്ട്. ആ നാട്ടിലാണ് ഞങ്ങളൊക്കെ ജീവിക്കുന്നത് ...' അവർ പറയുന്നു.
ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നുവെന്നും വന്ദനയുടെ പരിചയക്കുറവ് തിരിച്ചടിയായി എന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് വന്ദന അക്രമിക്കപ്പെട്ടതെന്നും മന്ത്രിയുടെ ന്യായീകരണം.ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.എന്നാൽ ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചു. ഇത്തരത്തിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.