കെ.കെ രമയുടെ കൈക്ക് ഗുരുതര പരിക്ക്; എട്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
|നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്
തിരുവനന്തപുരം: കൈയിലെ പരിക്കിനെ തുടർന്ന് കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. വലതു കൈയ്യിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്.എം.ആർ.ഐ സ്‌കാനിങ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്.
നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ.കെ രമക്കെതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
ഈ സംഭവത്തിൽ സച്ചിൻദേവ് എം.എൽ.എയടക്കമുള്ളവർക്കെതിരെ രമ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷമുണ്ടായ അന്ന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.പിന്നാലെയായിരുന്നു സൈബർ ആക്രമണം രൂക്ഷമായത്.
നാട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് തുടർചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കും. അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയുടെ കൈക്ക് പരിക്കേറ്റത്.