പി.വി അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് വിയോജിപ്പ്; സിപിഎം സഹയാത്രികനായി തുടരും: കെ.ടി ജലീൽ
|വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടതുപക്ഷത്തോടും നന്ദികേട് കാണിക്കില്ലെന്നും ജലീൽ പറഞ്ഞു.
മലപ്പുറം: പി.വി അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി ജലീൽ എംഎൽഎ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു.
അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താത്പര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷതയെ ദുർബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആർഎസ്എസുകാരനാണെന്ന അൻവറിന്റെ പരാമർശം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ എതിരാളികൾ പോലും അങ്ങനെ പറയില്ല. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് തെറ്റാണ്. ആർഎസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളെ കാണാൻ പാടില്ല. അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജലീൽ വ്യക്തമാക്കി.
താൻ ഐഎസ് ചാനൽ എന്ന് പറഞ്ഞതിന് മീഡിയവൺ എനിക്കെതിരെ കേസ് കൊടുത്തിരുന്നു. താൻ ഐഎസ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഇസ്ലാമിക് സെർവന്റ് എന്നാണ്. പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ രംഗത്തിറങ്ങും. അൻവർ കള്ളക്കടത്തുകാരനാണെന്ന്് താൻ വിശ്വസിക്കുന്നില്ലെന്നും ജലീൽ പറഞ്ഞു.